
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ പണം വാങ്ങിയെന്ന പരാതി ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് ഓര്‍ഡര്‍ ഇറക്കിയത്.
ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി കെ.എസ്. സുദർശൻ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ എ.എസ് ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ് ഐ മാരായ കലേഷ് കുമാർ, ജോഷി സി എബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ് ഐമാരായ എസ് അമൃതരാജ്, ജയ്മോൻ പീറ്റർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.
സംഭവത്തിൽ അഴിമതി നിരോധന നിയമവവും, വഞ്ചനാ വകുപ്പും ചേർത്താണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ഉദ്യോഗസ്ഥർ ഉടൻ യോഗം ചേർന്ന് തുടർന്നടപടികൾ തീരുമാനിക്കും. സൈബിയ്ക്കെതിരെ കേരള ബാർ കൗൺസിലും അന്വഷണം നടത്തുന്നുണ്ട്. എന്നാൽ തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന നാല് അഭിഭാഷകരാണ് ആരോപണത്തിന് പിന്നിലെന്നും തൻറെ കൈകൾ ശുദ്ധമാണെന്നും അഡ്വക്കറ്റ് സൈബി ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് ലക്ഷങ്ങൾ കൈക്കൂലിവാങ്ങിയെന്ന അഭിഭാഷകരുടെ മൊഴിയെ തുടർന്നാണ് ഹൈക്കോടതി റജിസ്ട്രാർ പോലീസ് മേധാവിയോട് അന്വേഷണത്തിന് നിർദ്ദേശിച്ചത്. പ്രാഥമിക അന്വഷണ റിപ്പോർട്ടിൽ കേസെടുത്ത വിശദമായ അന്വേഷണം വേണെമെന്നായിരുന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷർ ശുപാർശ ചെയ്തത്. . തുടർന്ന് അഡ്വക്കറ്റ് ജനറലിൻറെകൂടി നിയമോപദേശം തേടിയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഇട്ടത്. തുടർന്ന് അന്വഷണം ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ത്തിന് കൈമാറി. കേസ് എടുത്തത്തിന് പിറകെ ആരോപണം നിഷേധിച്ച് അഡ്വക്കറ്റ് സൈബി ജോസ് രംഗത്ത് വന്നു. തനിക്കെതിരെ വർഷങ്ങളായി ഗൂഡാലോചന നടത്തുന്ന അഭിഭാഷകരാണ് ഇതിന് പിറകിലെന്ന് സൈബി ആരോപിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam