Latest Videos

ഫുട്ബോളിനെതിരായ നിലപാട്: സമസ്തയെ തള്ളി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ

By Web TeamFirst Published Nov 25, 2022, 8:15 PM IST
Highlights

ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശം സംസ്ഥാനത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്

തിരുവനന്തപുരം: ഫുട്ബോളിനെതിരായ സമസ്തയുടെ നിലപാട് തള്ളി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ രംഗത്തെത്തി. സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. സ്പോർട്സ് വേറെ മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.താരാരാധന കായികപ്രേമികളുടെ വികാരമാണ്. മതം അതിന്റെ വഴിക്കും സ്പോർട്സ് അതിന്റെ വഴിക്കും പോകട്ടെയെന്നും വി അബ്ദുറഹിമാൻ പറഞ്ഞു.

ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശം സംസ്ഥാനത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. സമസ്തയുടെ നിര്‍ദേശത്തിനിതിരെ നവ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയർന്നു. എല്ലാ മതവിഭാഗങ്ങളിലും പെട്ട കായികപ്രേമികൾ ഒന്നടങ്കം വിമർശനവുമായി രംഗത്ത് വന്നു. എന്നാൽ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഫുട്ബോൾ ആരാധനക്കെതിരെ മുന്നറിയിപ്പ് നൽകുമെന്ന് സമസ്ത ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ആവർത്തിച്ചത്.

'സ്പോട്സ് മാൻ സ്പിരിറ്റോട് കൂടി ഫുട്ബോളിനെ കാണുന്നതിന് പകരം താരരാധനക്കും അന്യദേശത്തെ ദേശീയ പതാകയെ നമ്മുടെ ദേശത്തെ പതാകയേക്കാൾ സ്നേഹിക്കപ്പെടുന്ന സ്ഥിതിയിലേക്കുമെത്തുകയാണ്. സാമ്പത്തികമായി വളരെ ദുരിതമനുഭവിക്കുന്ന കാലത്ത് നിത്യ ഭക്ഷണത്തിന് മനുഷ്യൻ പ്രയാസപ്പെടുമ്പോൾ വമ്പിച്ച പണത്തിന് താരങ്ങളുടെ കട്ടൗട്ടുകൾ ഉയർത്തുന്നത് ഇന്ന് ചെറുപ്പക്കാർക്കിടയിൽ വ്യാപകമാണ്. കുട്ടികളുടെ പഠനം തടസപ്പെടാൻ അമിതാരാധന കാരണമാകുന്നു. പള്ളികളിൽ പ്രാർത്ഥനക്ക് വേണ്ടി വരേണ്ട സമയത്ത് കളികാണാൻ വേണ്ടി അർദ്ധരാത്രിയിൽ കളികാണുന്ന സ്ഥിതിയാണ്. പ്രാർത്ഥന തടസപ്പെടരുത്. പോർച്ചുഗൽ അധിനിവേശം നടത്തിയവരാണ്. സിനിമ, സ്പോർട്സ്, രാഷ്ട്രീയ മേഖലകളിലെ ആളുകളെ ആരാധിക്കരുത്''. മുൻ ലോകകപ്പുകളിലും പള്ളികളിൽ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!