ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഡ് പരിശോധനാ കിറ്റിന് ഐസിഎംആർ അനുമതി ലഭിച്ചില്ല

By Web TeamFirst Published May 24, 2020, 6:27 AM IST
Highlights

ശ്രീചിത്രയുടെ പരിശോധന സംവിധാനം പകുതിയിൽ താഴെ സാമ്പിളുകളിൽ മാത്രമാണ് കൃത്യമായഫലം കാണിച്ചത്. 95 ശതമാനവും സാമ്പിളുകൾ കൃത്യമായ ഫലം കാണിച്ചാലേ അനുമതി കിട്ടൂ

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച, കൊവിഡ് പരിശോധനക്കുള്ള ആർ ടി ലാമ്പിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചില്ല. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണിത്. സാങ്കേതികവിദ്യ പുതുക്കി അനുമതിക്കായി വീണ്ടും ഐസിഎംആറിനെ സമീപിക്കുമെന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു.

നിലവിലെ ആർടി പിസിആർ കിറ്റും ശ്രീചിത്രയുടെ കിറ്റും ഉപയോഗിച്ച് ഒരേ സാമ്പിളുകൾ പരിശോധിച്ചു. ശ്രീചിത്രയുടെ പരിശോധന സംവിധാനം പകുതിയിൽ താഴെ സാമ്പിളുകളിൽ മാത്രമാണ് കൃത്യമായഫലം കാണിച്ചത്. 95 ശതമാനവും സാമ്പിളുകൾ കൃത്യമായ ഫലം കാണിച്ചാലേ അനുമതി കിട്ടൂ. 251 സാമ്പിളുകളിൽ പരിശോധിച്ചപ്പോൾ 46.5 ശതമാനമാണ് ശ്രീചിത്ര കിറ്റിന്റെ കൃത്യത. 

കുറ‍ഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും കൃത്യതയുളള ഫലം കിട്ടുമെന്നായിരുന്നു ശ്രീചിത്രയുടെ അവകാശവാദം. വൈറസിലെ എൻ - ജീൻ കണ്ടെത്തി പരിശോധിക്കുന്നു എന്നതാണ് പ്രത്യേകതയായി ശ്രീചിത്ര നേരത്തെ വിശദീകരിച്ചിരുന്നത്. സാമ്പിളെടുക്കുന്നത് മുതൽ ഫലം വരുന്നത് വരെ സമയം രണ്ട് മണിക്കൂറിൽ താഴെ മതിയെന്നും ഒരു മെഷീനിൽ ഒരേ സമയം 30 സാമ്പിളുകൾ വരെ പരിശോധിക്കാനാകുമെന്നും ശ്രീചിത്ര  വ്യക്തമാക്കിരുന്നു. 

എന്നാൽ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടിലെ പരിശോധനയ്ക്ക് മൂന്ന് മണിക്കൂർ സമയമാണ് എടുത്തത്. ആർടി ലാമ്പ് പരിശോധന സംവിധാനം പൂർണ്ണമായും ഐസിഎംആർ തളളിയിട്ടില്ലെന്നും അനുമതിക്കായി വീണ്ടും സമീപിക്കാൻ അവസരമുണ്ടെന്നുമാണ് ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ടിന്റെ ഔദ്യോഗിക വിശദീകരണം.

click me!