
കോട്ടയം: ഒടുവിൽ ശ്രീജയ്ക്ക് നീതി, തെറ്റ് തിരുത്താൻ പി.എസ്.സി തയ്യാറായപ്പോൾ അർഹതപ്പെട്ട സർക്കാർ ജോലി ശ്രീജയിലേക്ക് എത്തി. പി.എസ്.സി റാങ്ക് പട്ടികയിലുണ്ടായിരുന്ന ശ്രീജയുടെ പേരിൽ മറ്റൊരാൾ ജോലി വേണ്ടെന്ന സമ്മതപത്രം നൽകിയതോടെയാണ് നിയമനം നിഷേധിക്കപ്പെട്ടത്. ശ്രീജയ്ക്ക് നേരിടേണ്ടി വന്ന നീതി നിഷേധത്തിൽ പിഴവ് ബോധ്യമായ പി.എസ്.സി ഇന്ന് ശ്രീജയെ കോട്ടയത്തെ ഓഫീസിലേക്ക് ക്ഷണിച്ചു വരുത്തിയാണ് അർഹതപ്പെട്ട നിയമന ശുപാർശ അവർക്ക് കൈമാറിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടൊണ് കോട്ടയം പി.എസ്.സി ഓഫീസിൽ എത്തി ശ്രീജ ഭർത്താവിനൊപ്പം നിയമന ശുപാർശ ഏറ്റു വാങ്ങിയത്.
അർഹതപ്പെട്ട നിയമനം പോരാട്ടത്തിലൂടെ നേടിയെടുക്കുമ്പോൾ ശ്രീജ നന്ദി പറയുന്നത് മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനുമാണ്. ജോലി വേണ്ടെന്ന് തൻ്റെ പേരിൽ മറ്റൊരാൾ വ്യാജ സമ്മത പത്രം നൽകിയത് മൂലമാണ് അർഹതപ്പെട്ട നിയമനം ശ്രീജയ്ക്ക് കിട്ടാതെ പോയത്. സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽ ജനറൽ വിഭാഗത്തിൽ 233 ആം റാങ്ക് ആയിരുന്നു പത്തനംതിട്ട മല്ലപ്പള്ളി കുളത്തൂർ എസ് ശ്രീജയ്ക്ക്. എന്നാൽ കൊല്ലം സ്വദേശിനിയായ മറ്റൊരു ശ്രീജയിൽ നിന്ന് ചിലർ ഒപ്പിട്ടുവാങ്ങിയ സമ്മതപത്രത്തിന്റെ പേരിലാണ് എസ്.ശ്രീജയ്ക്ക് നിയമനം നിഷേധിക്കപ്പെട്ടത്. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും പി.എസ്.സി വ്യക്തമായ ഉത്തരം നൽകുന്നില്ല.
ശക്തമായ മാധ്യമ ഇടപെടൽ ഉണ്ടായതോടെയാണ് ശ്രീജയുടെ കാര്യത്തിൽ സംഭവിച്ച പിഴവ് അംഗീകരിക്കാൻ പി.എസ്.സി തയാറായത് പോലും. ശ്രീജയ്ക്ക് നേരിടേണ്ടി വന്ന നീതി നിഷേധം ന്യൂസ് അവർ കേരളത്തിന് മുൻപിൽ ചർച്ചയാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam