
ദില്ലി: ദിലീപ് കേസില്‍ മുൻ ജയിൽ മേധാവി ആർ. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. ശ്രീലേഖയുടെ പരാമർശം അപലപനീയമാണെന്ന് ആനി രാജ പറഞ്ഞു. കേസ് നടപടി നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ ഇത്തരം പരാമർശങ്ങൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പ്രതികരിച്ചു.
ശ്രീലേഖ മുൻപും ദിലീപിനെ അനുകൂലിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കുറ്റാരോപിതൻ കുറ്റക്കാരൻ അല്ല എന്ന് പറയുന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇത്തരം പരാമർശമെന്നും ആനി രാജ പറഞ്ഞു.
Read Also: ദിലീപിനെ ശ്രീലേഖ എന്തിന് നിരപരാധിയാക്കുന്നു? നടി കേസിലെ വസ്തുതകളെ വളച്ചൊടിയ്ക്കുന്നതായി വിമർശനം
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്നാണ് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ സ്വന്തം യു ട്യൂബ് ചാനൽ വഴി പ്രതികരിച്ചത്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവ് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖയുടെ തുറന്ന് പറച്ചിൽ.
ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങിയിരിക്കുകയാണ് പ്രോസിക്യൂഷൻ. വിസ്താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിൻ്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തൽ. ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്. പരാമർശത്തിന് തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam