ശ്രീനാരായണ ഓപ്പൺ സര്‍വകലാശാല: ഓർഡിനൻസിൽ ഭേദഗതി ആലോചിക്കാമെന്ന് മന്ത്രി; മൂന്നിന നിര്‍ദ്ദേശവുമായി വിഡി സതീശൻ

By Web TeamFirst Published Jun 10, 2021, 11:32 AM IST
Highlights

യുജിസി മാർഗ നിർദേശത്തിനു വിരുദ്ധം ആണ് ശ്രീ നാരായണ സർവകലാശാല നിയമനം. വിസി, പ്രോ വിസി, രജിസ്ട്രാര്‍ എന്നിവരെ പിരിച്ച് വിടണം. നിയമം ഭേദഗതി ചെയ്ത് എല്ലാ സര്‍വകലാശാലകൾക്കും വിദൂര പഠനത്തിന് അവസരം നൽകണം.  വിഡി സതീശൻ . 

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പൺ സർവകലാശാല, ഓപ്പൺ സർവകലാശാല ഓർഡിനൻസിൽ ഭേദഗതി ആലോചിക്കാം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു. യുജിസി അംഗീകാരം ഇല്ലാത്തത് കൊണ്ട് കോഴ്സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സർവകലാശാലക്ക് യുജിസി അംഗീകാരം ഉണ്ട് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.  

20 ബിരുദ കോഴ്സുകളും 7 പി ജി കോഴ്സും സർവകലാശാലക്ക് കീഴിൽ തുടങ്ങും. ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കും. ഇതിനായി ബജറ്റിൽ 10 കോടി അധികമായി വക ഇരുത്തിയിട്ടുണ്ട്. കൊവിഡ് കാരണം ആണ് കോഴ്സിന് അപേക്ഷിക്കാൻ ഉള്ള പോർട്ടൽ തുറക്കാൻ കഴിയാത്തതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഒക്ടോബർ മാസത്തിൽ ആണ് വിദൂര വിദ്യാഭ്യാസ പ്രവേശന നടപടി തുടങ്ങുക.

ശ്രീനാരായണ ഓപ്പൺ സർവകലാശാലക്ക് അംഗീകാരം ആയില്ലെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഈ വർഷവും കോഴ്സ് തുടങ്ങാൻ കഴിയില്ലെന്നും സ്ഥാപനത്തിൽ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും കെ ബാബു ആരോപിച്ചു. നിയമനങ്ങളിൽ മാത്രമാണ് സര്‍ക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്.

സര്‍ക്കാരിന് താൽപര്യമുള്ള ആളുകളെ നിയമിച്ചു. എന്തുകൊണ്ടാണ് സർവകാലാശാലാ നിയമനങ്ങൾ പിഎസ്എസിക്ക് വിടാൻ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് മനസിലാകുന്നില്ല. ഫിഷറീസ് സര്‍വകലാശാലയിൽ ബന്ധു നിയമനം ആണ് നടന്നത്. അമ്മിക്കല്ലിന് കാറ്റ് പിടിച്ച പോലുള്ള ഈ ഇരിപ്പ് അവസാനിപ്പിക്കണമെന്ന കെ ബാബുവിന്‍റെ പരാമര്‍ശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഭയിൽ ഭരണപക്ഷ നിര ബഹളം വച്ചു. 

വിദ്യാര്‍ത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ തിരക്കിട്ട നടപടികളാണ് സര്‍വകലാശാലയുടെ ദുരവസ്ഥക്ക് കാരണമെന്നും കെ ബാബു ആരോപിച്ചു. ഈ വർഷം വിദൂര വിദ്യാഭ്യാസ രംഗത്ത് നില നിൽക്കുന്നത് വലിയ അനിശ്ചിതത്വമാണ്. മറ്റ് സര്‍വകലാശാലകൾക്ക് വിദൂര പഠനം തുടങ്ങാൻ അനുമതി നൽകണം. അതേസമയം പോര്‍ട്ടൽ തുറക്കാൻ താമസിക്കുന്നത് മാത്രമാണ് പ്രശ്നമെന്നും അതിനിയും നീണ്ടു പോകുകയാണെങ്കിൽ മറ്റ് സര്‍വകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ അനുമതി നൽകുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ആവർത്തിച്ചു. 

തുടർന്ന് വായിക്കാം: യുജിസി അംഗീകാരം കാത്ത് കൊല്ലം ശ്രീനാരായണ ഓപ്പൺ സർവകലാശാല, കോഴ്സുകൾ തുടങ്ങാൻ തടസ്സം, ആശങ്കയോടെ വിദ്യാർത്ഥികൾ

എന്നാൽ മറ്റ് സര്‍വകലാശാലകൾക്ക് വിദൂര പഠനം നടത്താനുള്ള അവകാശം നിയമം മൂലം സർക്കാർ നിരോധിച്ചിട്ടുണ്ടെന്നിരിക്കെ എങ്ങനെയാണ് മന്ത്രി  മറ്റു സർവകാല ശാലകൾ വഴി പഠനത്തിന് അവസരം നൽകും എന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചോദ്യം. യുജിസി അംഗീകാരം കൊണ്ട് മാത്രം കോഴ്സ് തുടങ്ങാൻ ആകില്ല.

യുജിസിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ സെന്ററിന്റെ അംഗീകാരം വേണം. യുജിസി മാർഗ നിർദേശത്തിനു വിരുദ്ധം ആണ് ശ്രീ നാരായണ സർവകലാശാല നിയമനം. വിസി, പ്രോ വിസി, രജിസ്ട്രാര്‍ എന്നിവരെ പിരിച്ച് വിടണം. നിയമം ഭേദഗതി ചെയ്ത് എല്ലാ സര്‍വകലാശാലകൾക്കും വിദൂര പഠനത്തിന് അവസരം നൽകണം. എന്നീ മൂന്ന് നിര്‍ദ്ദേശങ്ങളും വിഡി സതീശൻ മുന്നോട്ട് വച്ചു. 

പ്രസംഗിക്കുന്നതിനിടെ എഎൻ ഷംസീര്‍ സംസാരിക്കാൻ  ശ്രമിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചൊടിപ്പിച്ചു. എന്തും പറയാനുള്ള അവകാശം സ്പീക്കര്‍ ഷംസീറി് കൊടുത്തിട്ടുണ്ടോ എന്ന സതീശന്റെ ചോദ്യത്തിന് സ്പീക്കര്‍ പറയുന്നത് മാത്രം ശ്രദ്ധിച്ചാൽ മതിയെന്നായിരുന്നു എംബി രാജേഷിന്‍റെ മറുപടി. ഇതിനിടെ മുൻ മന്ത്രി കെടി ജലീൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജലീൽ ഇപ്പോൾ മന്ത്രിയല്ലല്ലോ എന്ന കാരണം ചൂണ്ടിക്കാട്ടി വിഡി സതീശൻ വഴങ്ങിയില്ല. മന്ത്രി ആയിരുന്ന ആൾ ഇങ്ങിനെ ബഹളം ഉണ്ടാക്കാമോ എന്നും സതീശൻ ചോദിച്ചു. പ്രതിപക്ഷ നേതാക്കൾ സംസാരിക്കുമ്പോൾ ഭരണ പക്ഷത്തു നിന്നും ആര് എഴുന്നേറ്റാലും വഴങ്ങാറുണ്ടെന്നും പുതിയ പ്രതിപക്ഷ നേതാവ് അതിന് തയ്യാറാകുന്നില്ലെന്നും പറഞ്ഞ കെടി ജലീൽ സഭയിൽ ക്രമപ്രശ്നവും ഉന്നയിച്ചു.

click me!