എസ്എസ്എൽസി പരീക്ഷക്ക് കൈത്താങ്ങുമായി സമഗ്ര ശിക്ഷ കേരള; ആദിവാസി ഊരുകളിൽ ക്ലാസ്

By Web TeamFirst Published May 24, 2020, 10:35 AM IST
Highlights

ഇടുക്കിയിലെ ആദിവാസി മേഖലകളിലെ നല്ലൊരു ശതമാനം കുട്ടികൾക്കും ഓൺലൈൻ പഠനത്തിനായി ടിവിയോ ഇന്‍റർനെറ്റോ ഇല്ല. ആദിവാസി ഊരുകളിലെ ഏകാധ്യാപക വിദ്യാലയങ്ങളിലും കമ്മ്യൂണിറ്റി സെന്‍ററുകളിലുമാണ് ക്ലാസുകൾ

ഇടുക്കി: ഓൺലൈൻ പഠനം സാധ്യമാകാത്ത ഇടങ്ങളിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മുന്നൊരുക്ക ക്ലാസുമായി സമഗ്ര ശിക്ഷ കേരള. ഇന്‍റെർനെറ്റ് സേവനം ലഭ്യമല്ലാത്ത ആദിവാസി ഊരുകളിലാണ് മികച്ച വിജയം നേടാൻ കുട്ടികൾക്ക് ക്ലാസുകൾ നടത്തുന്നത്. 

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗൺ കാരണം എസ്എസ്എൽസി പരീക്ഷ മുടങ്ങിയിരുന്നു. പരീക്ഷക്കിടക്ക്  രണ്ട് മാസത്തോളം ഒഴിവ് വന്നതോടെ പലരും പഠനത്തിൽ നിന്ന് വഴുതി മാറി. ഇവർക്ക് പഠനം തിരികെ പിടിക്കാനാണ് സർക്കാര്‍ ഓൺലൈൻ ക്ലാസുകൾ ആശയം പ്രാവര്‍ത്തികമാക്കുന്നത്. എന്നാൽ ഇടുക്കിയിലെ ആദിവാസി മേഖലകളിലെ നല്ലൊരു ശതമാനം കുട്ടികൾക്കും ഓൺലൈൻ പഠനത്തിനായി സൗകര്യമില്ലെന്നതാണ് പ്രധാന വെല്ലുവിളി. ടെലിവിഷനോ ഇന്റര്‍നെറ്റോ ഇല്ലാത്ത മേഖലകൾ കേന്ദ്രീകരിച്ചാണ് സമഗ്ര ശിക്ഷ കേരളയുടെ പ്രവര്‍ത്തനം. 

പരീക്ഷയെഴുതേണ്ട കുട്ടികളെ വിളിച്ചിരുത്തി പ്രത്യേക ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. ആദിവാസി ഊരുകളിലെ ഏകാധ്യാപക വിദ്യാലയങ്ങളിലും കമ്മ്യൂണിറ്റി സെന്‍ററുകളിലുമാണ് ക്ലാസുകൾ നടത്തുന്നത്. പഠനം സാമൂഹിക അകലം പാലിച്ചാണെന്നും ഇവര്‍ ഉറപ്പുവരുത്തുന്നുണ്ട്. ക്ലാസിലെത്താൻ പറ്റാത്തവർക്ക് വീടുകളിലെത്തി പഠനോപകരണങ്ങൾ നൽകാനാണ് തീരുമാനം. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമെ  വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സമഗ്ര ശിക്ഷ കേരളം പദ്ധതിയ്ക്ക് പിന്നിൽ  ഉള്ളു എന്നാണ് അധികൃതര്‍ പറയുന്നത്. 

click me!