
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ അംഗീകരിച്ച് സർക്കാർ. വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നൽകാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. അടുത്ത മാസം ട്രയൽ റൺ തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിന് തീരുമാനം ആശ്വാസമാണെങ്കിലും, സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധിൽ, കമ്പനി എടുക്കുന്ന വായ്പ തുകയും പ്രതിഫലിക്കും
1350 കോടി രൂപക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നത്. മൂന്ന് ഗഡുക്കളായി മുഴുവൻ തുകയും സര്‍ക്കാര്‍ നൽകണം. നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും രണ്ടാം ഗഡുവിന്‍റെ പകുതി മാത്രമാണ് ഇത് വരെ നൽകിയത്. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ നൽകേണ്ട 817 കോടിയും റെയിൽ പാത നിര്‍മ്മാണത്തിന് കൊടുക്കേണ്ട 1200 കോടിയും വേറെയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് 3600 കോടി രൂപ വായ്പയെടുക്കാൻ വിസിൽ നടപടികൾ പൂര്‍ത്തിയാക്കിയെങ്കിലും സര്‍ക്കാര്‍ ഗ്യാരണ്ടിയിലെ സാങ്കേതികത്വം പറഞ്ഞ് ഹഡ്കോ ഉടക്കിട്ടു.
അതാത് വര്‍ഷത്തെ വായ്പാ തിരിച്ചടവ് ബജറ്റിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നതിനാൽ ധനവകുപ്പ് ഉടക്കിട്ടു. പണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് പലവട്ടം അദാനി പോര്‍ട്ട് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അടുത്തമാസം ട്രയൽ റൺ നടക്കാനിരിക്കെ സര്‍ക്കാര്‍ കുടിശിക കൊണ്ട് മാത്രം വിഴിഞ്ഞം തുറമുഖ പദ്ധതി വൈകരുതെന്ന നയപരമായ തീരുമാനം കൂടി ഉള്ളതുകൊണ്ടാണ് ഹഡ്കോ നിബന്ധന അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനം എടുത്തത്. എത്ര തുക വായ്പ എടുക്കണം എന്നത് അടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam