സംസ്ഥാന ധനകമ്മീഷൻ റിപ്പോർട്ട്, കേരളത്തിലേത് അതിഗുരുതരമായ പ്രശ്നം; പരിഹരിക്കാനുള്ള ബദൽ മാർഗങ്ങളും ഗവർണർക്ക് സമർപ്പിച്ചു

Published : Jun 02, 2026, 08:12 PM IST
finance kerala

Synopsis

ഏഴാം സംസ്ഥാന ധനകാര്യക്കമ്മീഷൻ ഗവർണർക്ക് അനുബന്ധ റിപ്പോർട്ട് സമർപ്പിച്ചു. പതിനാറാം കേന്ദ്ര ധനക്കമ്മീഷന്റെ ശുപാർശകൾ പ്രകാരം കേരളത്തിലെ ഗ്രാമപ്രദേശങ്ങൾക്കുള്ള ഫണ്ട് ഗണ്യമായി കുറയുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബദൽ മാർഗ്ഗങ്ങളാണ് റിപ്പോർട്ടിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകാര്യക്കമ്മീഷന്റെ 2026-27-ലേക്കുള്ള അനുബന്ധ റിപ്പോർട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർക്ക് സമർപ്പിച്ചു. സംസ്ഥാന സർക്കാർ പ്രാദേശിക ഗവൺമെന്റുകൾക്ക് 2026-27-ൽ കൈമാറേണ്ട ധനവിഭവങ്ങൾ സംബന്ധിച്ച ശുപാർശകൾ സംസ്ഥാന ധനക്കമ്മീഷൻ നേരത്തെ സമർപ്പിച്ചിരുന്നതാണ്. പതിനാറാം കേന്ദ്ര ധനകാര്യക്കമ്മീഷൻ ശുപാർശകൾ പുറത്തുവന്നതോടുകൂടി അവകൂടി പരിഗണിച്ചുകൊണ്ട് ധനവിന്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് അനുബന്ധ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പതിനാറാം കേന്ദ്രധനക്കമ്മീഷൻ പ്രാദേശിക സർക്കാരുകൾക്ക് നൽകുന്ന ധനസഹായത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതനുസരിച്ച് കേരളത്തിലെ പ്രാദേശിക സർക്കാരുകളുടെ വികസന പദ്ധതികളിൽ ആവശ്യമായ മാറ്റം വരുത്തി കേന്ദ്ര ധനക്കമ്മീഷൻ ഗ്രാന്റുകൾ നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് അനുബന്ധ റിപ്പോർട്ടിലുള്ളത്. പതിനഞ്ചാം കേന്ദ്രധനക്കമ്മീഷൻ ഇന്ത്യയിലെ പ്രാദേശിക സർക്കാരുകൾക്ക് വിതരണം ചെയ്തത് 4,32,361 കോടി രൂപയായിരുന്നു. പതിനാറാം ധനക്കമ്മീഷൻ പ്രാദേശിക സർക്കാരുകളുടെ ഗ്രാന്റ് 7,91,493 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രാദേശിക സർക്കാരുകൾക്ക് നൽകുന്ന ഗ്രാന്റിൽ നഗരഭരണസ്ഥാപനങ്ങളുടെ അനുപാതം മുൻ കമ്മിഷന്റെ കാലത്ത് 35.66 ശതമാനമായിരുന്നു.

പതിനാറാം ധനക്കമ്മീഷൻ ഇത് 45.01 ശതമാനമായി ഉയർത്തിയിട്ടുണ്ട്. നഗരവത്കരണത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് പതിനാറാം ധനക്കമ്മീഷൻ 56,100 കോടി രൂപയും 10,000 കോടി രൂപയും അടങ്കലുള്ള രണ്ട് പ്രത്യേക നഗരവികസന പദ്ധതികൾകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്കിൽ നഗരവത്കരണം നടക്കുന്ന സംസ്ഥാനമാണെങ്കിലും മാനദണ്ഡങ്ങളുടെ പ്രത്യേകത കാരണം ഈ പദ്ധതികളുടെ ആനുകൂല്യം കേരളത്തിന് കിട്ടാൻ സാധ്യത കുറവായതിനാൽ അതിനുള്ള അർഹത ബോധ്യപ്പെടുത്തേണ്ടതുണ്ട്.

കേന്ദ്രധനക്കമ്മീഷൻ അതിന്റെ ഗ്രാന്റുകൾ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ഇടയിൽ വീതം വെച്ചിരിക്കുന്നത് 2026-ലെ ജനസംഖ്യാനുപാതം സംബന്ധിച്ച മതിപ്പു കണക്കുകളുടെ അടിസ്ഥാനത്തിലാണ്. കേന്ദ്രധനക്കമ്മീഷന്റെ മതിപ്പു കണക്കുകൾ പ്രകാരം കേരളത്തിന്റെ ജനസംഖ്യയുടെ 82.49 ശതമാനവും അധിവസിക്കുന്നത് നഗരപ്രദേശങ്ങളിലാണ്. എന്നാൽ 2011-ലെ സെൻസസ്സ് കണക്കുകളനുസരിച്ച് കേരളത്തിലെ മുനിസിപ്പാലിറ്റികളിലും മുനിസിപ്പൽ കോർപ്പറേഷനുകളിലും ഉള്ളത് സംസ്ഥാന ജനസംഖ്യയുടെ 22.76 ശതമാനം മാത്രമാണ്. കേരളത്തിലെ നഗരവത്കരണത്തിന്റെ പ്രത്യേകതയനുസരിച്ചു നിലവിലുള്ള മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വലിയ ജനസംഖ്യാ വർധനവ് ഉണ്ടാകുന്നില്ല.

യഥാർത്ഥത്തിൽ കേരളത്തിൽ അതിവേഗ നഗരവത്കരണം സംഭവിക്കുന്നത് ഗ്രാമപ്പഞ്ചായത്തുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലാണ്. കേരളത്തിലെ നഗരവത്ക്കരണത്തിന്റെ ഈ പ്രത്യേകത കേന്ദ്രധനക്കമ്മീഷൻ ഗ്രാന്റുകളുടെ കാര്യത്തിൽ പരിഗണിയ്ക്കപ്പെട്ടിട്ടില്ല. കേന്ദ്രധനക്കമ്മീഷൻ 2026-27-ലേക്ക് അനുവദിച്ചിരിക്കുന്ന പ്രാദേശിക സർക്കാരുകൾക്കുള്ള ഗ്രാന്റിന്റെ 83.45 ശതമാനം മുനിസിപ്പാലിറ്റികൾക്കും മുനിസിപ്പൽ കോർപ്പറേഷനുകൾക്കുമായി കൈമാറേണ്ടതുണ്ട്. 2011-ലെ സെൻസസ് പ്രകാരം 77 ശതമാനത്തിലധികം ജനങ്ങളധിവസിക്കുന്ന ഗ്രാമമേഖലയ്ക്ക് നീക്കിവെച്ചിരിക്കുന്നത് കേവലം 16.55 ശതമാനം മാത്രമാണ്.

കേരളത്തിലെ ഗ്രാമപ്പഞ്ചായത്തുകൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന സെൻസസ് ടൗണുകളിലെ നഗരജനസംഖ്യ കേന്ദ്രധനക്കമ്മീഷന്റെ വീതം വെയ്പ്പിൽ പരിഗണിക്കപ്പെട്ടിട്ടില്ല. പതിനഞ്ചാം കേന്ദ്രധനക്കമ്മീഷന്റെ അവസാനവർഷം (2025-26) ഗ്രാമപ്രദേശങ്ങൾക്ക് അനുവദിച്ചിരുന്ന 1562 കോടി രൂപയാണ്. അത് 2026-27-ൽ 425 കോടി രൂപയായി കുറഞ്ഞിരിക്കുകയാണ്. ഈ കുറവ് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ വികസന-ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കും. ഇവ പരിഹരിക്കുന്നതിനുള്ള വിവിധ ബദൽ മാർഗങ്ങൾ ഏഴാം സംസ്ഥാന ധനക്കമ്മീഷന്റെ അനുബന്ധ റിപ്പോർട്ടിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. കേന്ദ്രധനക്കമ്മീഷന്റെ മറ്റു നിർദേശങ്ങളിൽ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച ശുപാർശകളും റിപ്പോർട്ടിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാവിലെ നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് ഒന്നടങ്കം തള്ളി മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവർ; എന്തുവന്നാലും ഇവിടുന്ന് ഇറങ്ങില്ല'
പരവൂരിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം: കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്; 'പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും'