കസാഖ്‍സ്ഥാനിലെ സംഘര്‍ഷം: കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് കേരള സര്‍ക്കാര്‍

By Web TeamFirst Published Jun 30, 2019, 7:24 PM IST
Highlights

കസാഖ്‍സ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്‍ലൈന്‍ നമ്പര്‍ തുറന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് 77012207601 എന്ന നമ്പറില്‍ വിളിക്കാം. 

ദില്ലി: കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 150 ഓളം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് കേരള സര്‍ക്കാര്‍. ഇത് സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന മലയാളികളെക്കുറിച്ചുള്ള വിവരം കൈമാറാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം കസാഖ്‍സ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്‍ലൈന്‍ നമ്പര്‍ തുറന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് 77012207601,77012207603,77172925700,77172925717 എന്നീ നമ്പറുകളില്‍ വിളിക്കാം. 

തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ടെങ്കീസ് എണ്ണപ്പാടത്ത് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി  സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 70 മലയാളികള്‍ ഉണ്ടെന്ന് അപകടത്തില്‍പ്പെട്ട മലയാളി യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് കസാഖ്‍സ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടതായും ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 


click me!