
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ മാറ്റമോ വികസനമോ തൊഴിലവസരങ്ങളോ കൊണ്ടുവരാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ എന്നാണ് രാജീവ് ചന്ദ്രശേഖർ വിമർശിച്ചത്. ഹിന്ദു വിശ്വാസത്തിനെതിരെ നടക്കുന്ന അധിക്ഷേപകരമായ പരാമർശങ്ങളിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. സണ്ണി കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കാതെ സർക്കാർ നിഷ്‌ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ മുരളീധരനും ഹിന്ദു വിശ്വാസത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ എന്നുമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ചോദ്യം. ശബരിമലയിലെ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ്, അധികാരത്തിലെത്തിയ ശേഷം ശബരിമലയെയും ഭഗവാൻ അയ്യപ്പനെയും മറന്നിരിക്കുകയാണ്. തങ്ങളിൽ വിശ്വാസമർപ്പിച്ച ആയിരക്കണക്കിന് ഹിന്ദു വോട്ടർമാരെ കോൺഗ്രസ് വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രീണനത്തിന്‍റെയും ഇരട്ടത്താപ്പിന്‍റെയും രാഷ്ട്രീയം മാത്രമാണ് ഈ 100 ദിവസങ്ങളിൽ കണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. സാധാരണ ജനങ്ങൾക്ക് ഗുണം ലഭിക്കുന്നതിന് പകരം ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയത്തിനാണ് സർക്കാർ പ്രോത്സാഹനം നൽകുന്നത്. മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാകില്ല. കേരളത്തിലെ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയ സണ്ണി എം കപിക്കാടിനെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam