
തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശിച്ചു. ഇത്തരക്കാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി വേണം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം നിലവില്‍ വരുന്ന പുതിയ നിയമ സംഹിതകളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെ 38,000ല്‍ പരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ പരിശീലനം നല്‍കും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നത് തടയാനായി ജില്ലാ പോലീസ് മേധാവിമാര്‍ വ്യാപകമായി പ്രചരണം നടത്തണം. ഇതിനായി ജനമൈത്രി പോലീസിന്‍റെ സേവനം വിനിയോഗിക്കണം. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണം. മോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, പോക്സോ കേസുകള്‍ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. കാപ്പനിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീകരിച്ച നപടികളും യോഗം ചര്‍ച്ച ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിൽ പങ്കു വഹിച്ച വിവിധ റാങ്കുകളിലെ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അഭിനന്ദിച്ചു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എം.ആര്‍. അജിത് കുമാര്‍, എച്ച്. വെങ്കടേഷ് എന്നിവരും ഐ.ജിമാര്‍, ഡി.ഐ.ജി മാര്‍, എസ് പി മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍, എ.ഐ.ജിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam