
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കോളേജ് സംരക്ഷണ സമിതികള്‍ രൂപീകരിക്കണമെന്ന് ഡിജിപിയുടെ സർക്കുലർ. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം, അക്രമം, സൈബര്‍ ഭീഷണികള്‍, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുക, അവശ്യഘട്ടങ്ങളില്‍ ഉടൻ സഹായം ലഭ്യമാക്കുക, കോളേജ് അധികൃതരും, വിദ്യാർത്ഥികളും പോലീസുമായി ആരോഗ്യപരമായ സഹവര്‍ത്തനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംരക്ഷണ സമിതികള്‍ രൂപീകരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ചെയര്‍പേഴ്സണും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കണ്‍വീനറുമായ സമിതിയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വാര്‍ഡ് കൗണ്‍സിലര്‍, പിടിഎ അംഗങ്ങള്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. സംസ്ഥാനത്തെ കോളേജ് സംരക്ഷണ സമിതികളുടെ നടത്തിപ്പ് ഏകോപിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള ചുമതല സോഷ്യല്‍ പോലീസിംഗ് ഡയറക്ടറേറ്റിനായിരിക്കും. സമിതികളുടെ ഏകീകൃത പ്രവര്‍ത്തനം, ഫലപ്രാപ്തി, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതതിനുമായി സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മിഷണര്‍, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, വനിതാ ശിശു വകുപ്പ് ഡയറക്ടര്‍മാര്‍ അടങ്ങുന്ന സംസ്ഥാനതല സമിതിയും ജില്ലാതലത്തില്‍ ഉപസമിതികളും ഉണ്ടാകും.
ജില്ലാതലങ്ങളില്‍ ജില്ലാ പോലീസ് മേധാവി മേല്‍നോട്ടം വഹിക്കുന്ന സമിതികള്‍ രൂപീകരിക്കുകയും പതിവ് മീറ്റിംഗിലൂടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. സമിതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മികച്ച രീതികള്‍ പങ്കിടുന്നതിനുമായി ജില്ലാ വ്യാപകമായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ശാക്തീകരിക്കുക, ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുക, സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുക, ഒപ്പം സൈബര്‍ സുരക്ഷ, ലഹരി വസ്തുക്കളുടെ ദുരുപയോഗം, മാനസിക ആരോഗ്യം തുടങ്ങി വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്യാമ്പുകളും സമിതി നടത്തും. കൂടാതെ റോഡ് സുരക്ഷ വിദ്യാഭ്യാസവും, ദുരന്തനിവാരണ പരിശീലനവും, വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടികളും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് ഭയമില്ലാതെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വേദി നല്‍കുകയും സമയബന്ധിതമായി പരിഹാരം ഉറപ്പാക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് മറ്റു വകുപ്പുകളായും ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്തിലൂടെ ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയാനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സമിതികള്‍ക്ക് കഴിയുമെന്നും പൊലീസ് വിശദീകരിക്കുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam