
തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ബാർ ഹോട്ടലുകൾക്കായി പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശ്ശിക ഒടുക്കാത്തവർക്കെതിരെ അരിയർ റിക്കവറി നടപടികളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജൂൺ 20, 21, 23 തീയതികളിൽ സംസ്ഥാന വ്യാപകമായി 65 ലധികം ബാർ ഹോട്ടലുകളിൽ നടത്തിയ അരിയർ റിക്കവറി ഡ്രൈവിൽ 3.5 കോടിയാണ് പിരിച്ചെടുക്കാനായത്.
വകുപ്പ് നടത്തിയ അരിയർ റിക്കവറി ഡ്രൈവിലൂടെ 11 ഓളം ഹോട്ടലുകൾ ആംനെസ്റ്റി പദ്ധതിയുടെ ഭാഗമായി. 25 ലധികം ഹോട്ടൽ ഉടമകൾ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബാർ ഹോട്ടലുകാർ 2005-06 മുതൽ 2020-21 വർഷം വരെയുള്ള എല്ലാ ടേൺഓവർ ടാക്സ് കുടിശ്ശികകളും തീർപ്പാക്കാനായി പൂർണമായ ടേൺഓവർ ടാക്സ് കുടിശ്ശികയും, സെസ്സും, പലിശയുടെ അൻപത് ശതമാനവും ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഒടുക്കിയ ശേഷം ആയതിന്‍റെ ഇ - ചെല്ലാനും, ആംനെസ്റ്റിക്കായുള്ള ഓഫ്‌ലൈൻ അപേക്ഷയും 2025 ജൂൺ 30 നുള്ളിൽ അസ്സസ്സിങ് അതോറിറ്റി മുൻപാകെ സമർപ്പിച്ചാൽ ബാക്കി പലിശയും പിഴയും ഒഴിവാക്കുന്നതാണ്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഈ ആംനെസ്റ്റി പദ്ധതി നികുതിദായകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, കുടിശ്ശിക ഉണ്ടായിട്ടും ഈ അവസരം പ്രയോജനപ്പെടുത്തി നികുതി കുടിശ്ശിക തീർപ്പാക്കത്തവർക്കെതിരെ കർശനമായ റിക്കവറി നടപടികൾ തുടരുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam