
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുന്നു. വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപെയ്ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ', ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ജാഗറി' എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാൻ തീരുമാനിച്ചതായി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് ഇന്ന് 7 ഹോട്ടലുകൾ പൂട്ടിച്ചു. ഹോട്ടൽ മഹാരാജ (നെയ്യാറ്റിൻകര ), എസ്ക (കല്ലിയൂർ ), ഡി ഫോർ കിച്ചൻ (നെയ്യാറ്റിൻകര ), രാജേഷ് ബേക്കറി (ധനുവച്ചപുരം ), ആമിയ ഹോട്ടൽ (ധനുവച്ചപുരം), ഷാജി ഹോട്ടൽ ( ധനുവച്ചപുരം), മാഷ ( പാറശ്ശാല ) എന്നിവ പൂട്ടി. വയനാട്ടിൽ ആരോഗ്യ വകുപ്പിൻ്റെ മാർഗനിർദേശങ്ങൾ പാലിക്കാത്ത 3 ഹോട്ടലുകൾ അടയ്ക്കാൻ നോട്ടീസ് നൽകി. മേപ്പാടി, അമ്പലവയൽ, പനമരം എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് അടപ്പിച്ചത്. കോട്ടയത്ത് 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 6 ഇടങ്ങളിൽ മുന്നറിയിപ്പ് നോട്ടീസ് നൽകി. എറണാകുളത്ത് എംജി റോഡിലും കലൂരിലും ഹോട്ടലുകളിൽ പരിശോധന നടന്നു. രണ്ട് ഹോട്ടലുകൾ അടപ്പിച്ചു. അപാകതകൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് 4 സ്ഥാനപനങ്ങൾക്ക് നോട്ടീസ് നൽകി.
നടപടി എടുത്ത ഹോട്ടലുകളുടെ പേര് പരസ്യപ്പെടുത്താൻ നിർദേശം നൽകിയതായി മന്ത്രി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.ക്രമക്കേട് നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam