ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന വാക്ക് ലംഘിച്ച് ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടർന്നു. ഈ ആക്രമണത്തിൽ ദുബായിൽ ഒരാൾ മരിക്കുകയും ബഹ്‌റൈനിലും സൗദിയിലും കുവൈത്തിലും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പരമാധികാരം സംരക്ഷിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയപ്പോൾ, ഇറാനുമേൽ ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണവും ശക്തമായി തുടർന്നു.

ദില്ലി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറാനെതിരായ ആക്രമണങ്ങൾ ഉണ്ടാവാത്ത പക്ഷം അങ്ങോട്ട് ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സന്ദേശം വെറുംവാക്കായി. രാത്രിയിലും ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ തുടർന്നു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ വീണ് ദുബൈയിൽ ഒരാൾ മരിച്ചു. ബഹ്‌റൈനിലെ മനാമയിൽ വീടിനും കെട്ടിടങ്ങൾക്കും തീപിടിച്ചു. സൗദിയിൽ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായി. 

യുഎഇയെ ദുർബല രാജ്യമായി തെറ്റിദ്ധരിക്കരുതെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രതികരിച്ചു. ഞങ്ങൾ എളുപ്പം കീഴടക്കാവുന്ന ഇരകൾ അല്ല, യുഎഇ ഉൾക്കരുത്തുള്ള രാജ്യമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. വ്യോമാതിർത്തിയിലേക്ക് കടന്ന എട്ട് ഡ്രോണുകൾ തകർത്തെന്ന് സൗദി അറിയിച്ചു. പരമാധികാരം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുവൈറ്റും ഖത്തറും വ്യക്തമാക്കി. ഇറാനുമേൽ ഇസ്രായേൽ യുഎസ് സംയുക്ത ആക്രമണം കഴിഞ്ഞ രാത്രിയും ശക്തമായി തുടർന്നു. എസ്ഫഹാൻ പ്രവിശ്യയിലെ രണ്ട് വ്യോമതാവളങ്ങൾ തകർത്തു. ഇറാൻ സൈന്യം ഉപയോഗിക്കുന്ന നിരവധി ഇന്ധന സംഭരണികളും തകർത്തെന്നും ഇസ്രയേൽ പറയുന്നു.

ബഹറൈനിലെ പ്രധാന വാണിജ്യ കേന്ദ്രമായ സൽമാൻ പോർട്ടിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലകളിലും ചില താമസ സമുച്ചയങ്ങളിലും ആക്രമണം നടന്നു. ഖത്തർ ലക്ഷ്യമാക്കി എത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തെന്നാണ് അവകാശവാദം. സൗദിയിൽ എട്ട് ഡ്രോണുകളാണ് സൈന്യം വെടിവെച്ചിട്ടത്. റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സ് ലക്ഷ്യം വെച്ചായിരുന്നു സൗദിയിലെ ആക്രമണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുവൈത്തിലും ആക്രമണങ്ങളിൽ നിന്ന് മോചനമുണ്ടായില്ല. രാജ്യത്തെ പ്രധാന സർക്കാർ സ്ഥാപനങ്ങളിൽ ഒന്നായ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇവിടങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിവരങ്ങൾ.