
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി സെക്രട്ടറിയെ പരിഹസിച്ചും സിപിഎം തിരുവനനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾ. എം വി ഗോവിന്ദൻ്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ പോകണമെന്ന് വനിതാ നേതാവ് തുറന്നടിച്ചു. കരുത്തനായ മന്ത്രിയുണ്ടായിട്ടും പൊതുവിഭ്യാഭ്യാസ ഡയറക്ടരുടെ ഭരണമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെതിരായ വിമര്‍ശനം.
സര്‍ക്കാര്‍ ശൈലിയും വകുപ്പുകളുടെ പ്രവര്‍ത്തനവും സംബന്ധിച്ച് നിശിതമായ വിമര്‍ശനമാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയരുന്നത്. ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ പ്രതിനിധികൾ ആഞ്ഞടിക്കുകയാണ്. പൊലീസിന്‍റെ പ്രവര്‍ത്തന രീതിക്കെതിരായ വിമര്‍ശനത്തിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിക്കും പരിഹാസം. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ പോകണം സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്. പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കുെതിരെയുള്ള കേസുകളിൽ നടപടിയില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു എന്ന് കൂടി വിമര്‍ശിച്ച വനിതാ പ്രതിനിധി, നിശ്ചിത പദവികളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും ചോദിച്ചു.
കെഎസ്ടിഎ അടക്കം ഇടത് അധ്യാപക സംഘടനകളുടെ അതിരൂക്ഷ എതിര്‍പ്പിന് പിന്നാലെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചെയ്തികളിൽ സംഘടനാ സമ്മേളനത്തിലും ചര്‍ച്ചയായത്. കരുത്തനായ മന്ത്രി ഉണ്ടായിട്ട് പോലും ഉദ്യോഗസ്ഥ ഭരണത്തിൽ ഇടപെടാൻ കഴിയുന്നില്ലെന്ന് വി ശിവൻകുട്ടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. ആരോഗ്യ തദ്ദേശ ഭരണ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ധനവകുപ്പിന് പിടിപ്പുകേടെന്ന ആക്ഷേപവും എല്ലാം പ്രതിനിധികൾ ചര്‍ച്ചയിലുന്നയിക്കുന്നുണ്ട്. നാളെ വൈകീട്ട് വിഴിഞ്ഞത്താണ് പൊതുസമ്മേളനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam