
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി. എസ്. വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 2 ന് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. ഇന്ന് രാവിലെയാണ് മുക്കോലയിൽ വെച്ച് അപകടം ഉണ്ടായത്. അനന്തുവിൻ്റെ വീടിന് അടുത്തുവെച്ചായിരുന്നു അപകടം. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിൻ്റെ വാഹനത്തിനു പുറത്തേക്കായിരുന്നു കല്ല് വീണത്. ടിപ്പർ അമിത വേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു.
രാവിലെ ടിപ്പർ ഓടിക്കില്ലെന്ന് നേരത്തെ ജില്ലാഭരണകൂടവും തുറമുഖ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. അത് ലംഘിച്ച് വീണ്ടും ഏത് സമയങ്ങളിലും ടിപ്പർ ഓടുന്നുവെന്നാണ് പരാതി. അപകടത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപ്പാർട്ടികൾ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു. പകൽ 11 വരെ കല്ലുകളുമായി ടിപ്പർ കൊണ്ടുവരില്ലെന്ന് തുറമുഖ അധികൃതർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
വിഴിഞ്ഞത്ത് ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam