സ്കൂളിൽ പാമ്പ് കടിച്ച് കുട്ടി മരിച്ച സംഭവം: ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ

Published : Nov 21, 2019, 01:46 PM ISTUpdated : Nov 21, 2019, 02:34 PM IST
സ്കൂളിൽ പാമ്പ് കടിച്ച് കുട്ടി മരിച്ച സംഭവം: ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ

Synopsis

കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷജിൽ എന്ന അധ്യാപകൻ തയ്യാറായില്ല എന്നാണ് വിദ്യാർത്ഥികൾ ആരോപിച്ചത്. ഈ അടിസ്ഥാനത്തിലാണ് ഡിഡിഇ അധ്യാപകനെതിരെ നടപടിയെടുത്തത്. 

വയനാട്: സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ. യുപി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം തോണിക്കരയാണ് നടപടി പ്രഖ്യാപിച്ചത്. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകാനും തീരുമാനമായിട്ടുണ്ട്.

പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. കാലിൽ രണ്ട് കുത്ത് കണ്ടപ്പോൾത്തന്നെ പാമ്പു കടിച്ചതാണെന്ന് താൻ ടീച്ചറോട് പറഞ്ഞതാണെന്ന് ഷഹ്‍ലയുടെ സഹപാഠി വ്യക്തമാക്കിയിരുന്നു. എന്നിട്ടും കുട്ടിയെ ഉടൻ ആശുപത്രിയിൽ കൊണ്ടുപോയില്ല. കുട്ടിയുടെ അച്ഛൻ വന്നിട്ട് ആശുപത്രിയിൽ കൊണ്ടുപോകും എന്നാണ് അധ്യാപകൻ കുട്ടികളോട് പറഞ്ഞത്. കുട്ടി തളർന്ന് കിടക്കുമ്പോഴും മാഷ് ക്ലാസെടുക്കുകയായിരുന്നുവെന്ന് ഷഹലയുടെ സഹപാഠിയായ കുട്ടി പറയുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ കുട്ടിയുടെ കാലിൽ നീല നിറം പടർന്നു. കുട്ടി തളർന്ന് വീണു. അപ്പോഴാണ് കുട്ടിയുടെ അച്ഛൻ വന്നത്. തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. അപ്പോൾത്തന്നെ കുട്ടി തളർന്നിരുന്നു. എന്നാലവിടെ പീഡിയാട്രിക് വെന്‍റിലേറ്ററടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. അവിടെ നിന്ന് വൈത്തിരി താലൂക്കാശുപത്രിയിലേക്ക് കുട്ടിയെ റഫർ ചെയ്തു. അവിടെ എത്തിച്ച ശേഷം കുട്ടി ഛർദ്ദിച്ചു, തീരെ അവശയാകുകയും ചെയ്തു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഷെഹ്‍ല ഷെറിൻ മരിച്ചത്. 

ഇത് നേരിട്ട് പരിശോധിക്കാനും കുട്ടികളോട് സംസാരിക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടതിനെത്തുടർന്നാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തിയത്. പ്രാഥമികാന്വേഷണത്തിന് ശേഷം അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി. അതിനാലാണ് വകുപ്പുതല നടപടിയുടെ ഭാഗമായി അധ്യാപകനെ സസ്പെൻഡ് ചെയ്തത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ
സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി