
കോഴിക്കോട്: രക്ഷിതാവിനോടുളള വിരോധത്തിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. കോഴിക്കോട് സ്വദേശിയും സെന്‍റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിലെ മുന്‍ പിടിഎ പ്രസിഡണ്ടുമായ അനൂപ് ഗംഗാധരനാണ് സ്കൂളിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ക്രിക്കറ്റ് പരിശീലനത്തിന്‍റെ പേരില്‍ തുടര്‍ച്ചയായി അവധിയായതിനെ തുടര്‍ന്നാണ് കുട്ടിയെ പുറത്താക്കിയതെന്നാണ് മാനേജ്മെന്‍റിന്‍റെ വീശദീകരണം.
കോഴിക്കോട് സെന്‍റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിൽ ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ എആര്‍ മാധവനെ സ്കൂള്‍ റോളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് മുന്നോടിയായി കോഴിക്കോട്ടെ സെന്‍റ് ജോസഫ് ബോയ്സ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ രക്ഷിതാവായ അനൂപ് ഗംഗാധരന് അയച്ച കത്താണിത്. 15 പ്രവര്‍ത്തി ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ക്ളാസില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങുന്നതെന്ന് കത്തില്‍ പറയുന്നുണ്ടെങ്കിലും തന്നോടുളള വ്യക്തിവിരോധനം തീര്‍ക്കാന്‍ കുട്ടിയെ പുറത്താക്കി എന്നാണ് രക്ഷിതാവായ അനൂപിന്‍റെ ആരോപണം.
പിടിഎ പ്രസിഡണ്ടായിരിക്കെ അമിതമായി ഡൊണേഷന്‍ വാങ്ങിക്കുന്നതടക്കം താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ മനേജ്മെന്‍റിനെ ചൊടിപ്പിച്ചിരുന്നു. ആസൂത്രിതമായി പിടിഎ സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിനു പിന്നാലെയാണ് മകനെയും പുറത്താക്കുന്നതെന്ന് അനൂപ് ഗംഗാധരന്‍ ആരോപിച്ചു. എന്നാല്‍ പിടിഎ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അനൂപിനെ നീക്കിയതും കുട്ടിയെ റോളില്‍ നിന്ന് നീക്കിയതുമായി ബന്ധമില്ലെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വിശദീകരിക്കുന്നു.
ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയും മാനേജ്മെന്‍റിനെതിരെ അനാവശ്യ പരാതികള്‍ അയക്കുകയും ചെയ്തതിനാണ് അനൂപിനെ പിടിഎ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് നീക്കിയതെന്നും സ്കൂള്‍ മാനേജ്മെന്‍റ് വ്യക്തമാക്കി. അതേസമയം, ക്രിക്കറ്റ് പരിശീലനത്തിന്‍റെ പേരില്‍ ഏറെ കാലമായി ക്ളാസില്‍ ഹാജരാവാത്ത സാഹചര്യത്തിലാണ് കുട്ടിയുടെ പേര് റോളില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചത്. കുട്ടിയെ പുറത്താക്കിയതിനെതിരെ അനൂപ് ബാലവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഫണ്ട് ക്രമക്കേട് അടക്കമുളള കാര്യത്തില്‍ അനൂപ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങിയിട്ടുമുണ്ട്.
Read More : തെരെഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം; ഹിമാചല്‍ പ്രദേശില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam