Asianet News MalayalamAsianet News Malayalam

തെരെഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം; ഹിമാചല്‍ പ്രദേശില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെയുള്ള അപ്രതീക്ഷിത നീക്കം  കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.  അതേസമയം വിമത ശല്യം കൊണ്ട് പൊറുതിമുട്ടിയിരുന്ന ബിജെപിയ്ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ വരവ് തെല്ല് ആശ്വാസം പകരുന്നതാണ്.

26 Congress Leaders Join BJP Ahead Of Himachal Pradesh Elections
Author
First Published Nov 8, 2022, 7:53 AM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. 26 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഹിമാചല്‍ കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി കോൺഗ്രസ് നേതാക്കളും അംഗങ്ങളുമാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്.

വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെയുള്ള അപ്രതീക്ഷിത നീക്കം  കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.  നവംബർ 12 നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്. അതേസമയം വിമത ശല്യം കൊണ്ട് പൊറുതിമുട്ടിയിരുന്ന ബിജെപിയ്ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ വരവ് തെല്ല് ആശ്വാസം പകരുന്നതാണ്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിന്റെയും തിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ബിജെപിയുടെ സുധൻ സിംഗിന്റെയും സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് മറുകണ്ടം ചാടിയത്. ഷിംലയിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജയ് സൂദും കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ ബി.ജെ.പിയിലേക്കെത്തിയ നേതാക്കളെ സ്വാഗതം ചെയ്തു.  പാർട്ടിയുടെ ചരിത്ര വിജയത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്നായിരുന്നു ജയറാം ഠാക്കൂറിന്‍റെ പ്രതികരണം. കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ, മുൻ സെക്രട്ടറി ആകാശ് സൈനി, മുൻ കൗൺസിലർ രാജൻ താക്കൂർ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മേത്ത, മെഹർ സിംഗ് കൻവാർ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ നേഗി, ജയ് മാ ശക്തി സോഷ്യൽ സംസ്ഥാന പ്രസിഡന്റ് ജോഗീന്ദർ ഠാക്കൂർ  എന്നിങ്ങനെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളടക്കം 26 പേരാണ് ബിജെപിയിലെത്തിയത്. 

അതേസമയം ഭരണം നിലനിര്‍ത്താന്‍ രാഷ്ട്രീയമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ് ബിജെപി. വിമത ശല്യം രൂക്ഷമായതോടെ പാര്‍ട്ടിക്കെതിരെ നിന്ന നേതാക്കള്‍ക്കെതിരെ കടുത്ത നടപടയാണ് ബിജെപി സ്വീകരിച്ചത്. ഗുജറാത്തിന് പിന്നാലെ ഹിമാചലിലും യൂണിഫോം സിവിൽ കോഡ് ആണ് ബിജെപിയുടെ പ്രചരണ ആയുധം. ഹിമാചൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ യൂണിഫോം സിവിൽ കോഡ് നടപ്പാക്കും എന്ന വാ​ഗ്ദാനം ബിജെപി നൽകിയിട്ടുണ്ട്. യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ സമിതിയെ നിയോഗിക്കുമെന്നും പ്രകടന പത്രികയില്‍ പറുന്നു. സിവിൽ കോഡ് ഉൾപ്പെടെ 11 വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.  

Read More :  എംബിബിഎസ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടി, റഷ്യയിൽ നിന്ന് ചെന്നൈയിലെത്തിയ പ്രതിയെ പൊലീസ് പൊക്കി

Follow Us:
Download App:
  • android
  • ios