സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം

Published : Jul 30, 2025, 05:53 PM IST
midhun and relative

Synopsis

മിഥുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു.

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍റെ മാതാപിതാക്കള്‍ക്ക് സഹായധനം നൽകാൻ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മിഥുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു. 5 ലക്ഷം രൂപ കൂടി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മിഥുന്‍റെ വീട്ടിലെത്തി നാളെ കൈമാറുമെന്ന് കോവൂര്‍ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു. പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂള്‍ മാനേജ്മെന്‍റ് 10 ലക്ഷം കുടുംബത്തിന് കൈമാറിയിരുന്നു. ഇതിന് പുറമെ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗെയിഡ്‌സ് മുഖാന്തിരം വീട് വെച്ച് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ കൂട്ടുകാരൻ്റെ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. പതിറ്റാണ്ടുകളായി അപകടകരമായ നിലയിൽ ലൈൻ പോയിട്ടും ആരും അനങ്ങിയിരുന്നില്ല. 8 വർഷം മുമ്പ് താൽക്കാലികമായ കെട്ടിയ ഷെഡിനും അനുമതിയില്ലായിരുന്നു. മരണത്തിന് പിന്നാലെ പ്രഥാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. പിന്നാലെ കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെനറ് പിരിച്ചുവിട്ടു. മാനേജറെ സസ്പെൻഡ് ചെയ്ത് സ്കൂളിൻ്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തു. വ്യാപകമായ പ്രതിഷേധം തണുപ്പിക്കാനാണ് സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെൻ്റിനെതിരെ ഒടുവിൽ സർക്കാർ നടപടി സ്വീകരിച്ചത്.

കേരള വിദ്യാഭ്യാസ നിയമ പ്രകാരവും വിദ്യാഭ്യാസ ചട്ടം 3 (7) അനുസരിച്ചുമാണ് എയ്ഡഡ് മാനേജ്മെൻ്റിനെതിരായ നടപടി. സിപിഎം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് മാനേജർ തുളസീധരൻ പിള്ള. സമിതിയിൽ മുഴുവനും പാർട്ടി പ്രാദേശിക നേതാക്കളായിരുന്നു. നടപടിയെ അംഗീകരിക്കുമ്പോഴും പഴയ മാനേജ്മെൻ്റിനെയും സമരം ചെയ്തവർക്കുമെല്ലാം ബാധ്യതയുണ്ടെന്ന് മാനേജറുടെ വാദം. അതേസമയം, ലൈൻ മാറ്റാൻ വൈകിയ കെഎസ്ഇബിക്കും അപകടസ്ഥിതിയിലായ ക്ലാസ് മുറിക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അധികൃതർക്കുമെതിരെ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം