
കോഴിക്കോട് : ട്രെയിനിന് നേരേ കല്ലേറുണ്ടായതിനെ തുടർന്ന് യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട്ഡിവിഷണൽ റെയിൽവേ മാനേജരും ഫറോക്ക് പൊലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. പുറമേരി സ്വദേശിനിയായ ആലുവ യു സി കോളജിൽ പഠിക്കുന്ന 22കാരിയായ ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറിൽ താടിയെല്ലിന് പരിക്കേറ്റത്. പല്ലുകളും നഷ്ടമായി. ഇന്നലെ രാത്രി 9.50ന് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും ഫറോക്കിനുമിടയിലാണ് സംഭവം. അതേ സ്ഥലത്ത് വച്ച് തന്നെ വന്ദേഭാരതിന് നേരെയും കല്ലെറുണ്ടായി.
മെയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം കെ ബൈജുനാഥ് വ്യക്തമാക്കി. നേരത്തെയും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവങ്ങളുണ്ടായിരുന്നു. വന്ദേഭാരത് ട്രെയിനുനേരെയടക്കം കല്ലേറുണ്ടായിരുന്നു. കല്ലേറിൽ വന്ദേഭാരത് ട്രെയിന്‍റെ ഗ്ലാസ് പൊട്ടിയ സംഭവവും ഉണ്ടായിരുന്നു. ഇടക്കിടെ ട്രെയിനുകള്‍ക്കുനേരെ കല്ലേറുണ്ടാകുന്നത് യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന നിലയിലെത്തിയിരിക്കുകയാണ്. നേരത്തെ ട്രെയിനിനുനേരെ കല്ലേറുണ്ടായിട്ടുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഇത്തരത്തിൽ ഗുരുതരമായി പരിക്കേറ്റ സംഭവം ഉണ്ടായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam