
തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർക്ക് ബോധവത്കരണം നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി. വടക്കാഞ്ചേരിയിൽ കൈകൂപ്പി പറഞ്ഞിട്ടും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ പുറത്തു നിർത്തുകയായിരുന്നു ബസ് കണ്ടക്ടർ. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു. പ്രതിഷേധമുയർത്തി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ട് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകാൻ നിന്ന ക്ലീലിയാ സ്കൂളിലെ സിയാൻ അടക്കമുള്ള വിദ്യാർത്ഥികൾക്കാണ് സ്വകാര്യബസ് കണ്ടക്ടറിൽ നിന്നും ഈ അപമാനം ഏർക്കേണ്ടി വന്നത്. വിദ്യാർത്ഥി കൺസഷൻ നിരക്ക് ആയതിനാൽ കുറച്ചു പേരെ മാത്രം കൊണ്ടു പോകാൻ കഴിയൂ എന്ന് ആയിരുന്നു കണ്ടക്ടറുടെ നിലപാട്. വീട്ടിലെത്താൻ വൈകുമെന്നതിനാൽ സഹായിക്കണമെന്ന് കുട്ടി കൈകൂപ്പി പറഞ്ഞിട്ടും കണ്ടക്ടർ വഴങ്ങിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപെട്ടു. ബസ് കണ്ടക്ടറെ വിളിച്ചുവരുത്തി ലൈസൻസ് പിടിച്ചുവെച്ചു.
വടക്കാഞ്ചേരി പൊലീസും ബസ്റ്റാൻഡുകളിൽ പരിശോധന കർശനമാക്കി. ബസ്സുകാർക്കും ഉടമകൾക്കും താക്കീതു നൽകി. പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ വിദ്യാർത്ഥി കൺസഷൻ ഉൾപ്പെടെയുള്ളവ പുനഃപരിശോധിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ യോഗം ചേർന്ന് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയായിരുന്നു വിദ്യാർത്ഥികളെ കയറ്റാതെ മാറ്റി നിർത്തിയ സംഭവം ഉണ്ടാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam