
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽകാണണമെന്നും ഓട്ടോഗ്രാഫ് വാങ്ങണമെന്നും ആശയുമായി തലസ്ഥാനത്തെത്തിയ കുട്ടിക്കൂട്ടത്തിന് ആഗ്രഹ സാഫല്യം. കോഴിക്കോട് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളായ അൻഫ, ഫാത്തിമ, മെഹ് വിഷ് മർയം, ഫസിം മിറാസ്, ആമിന മെഹക്, ആദം, ഐ ദിൻ എന്നിവരാണ് മുഖ്യമന്ത്രിയെ നേരിൽകണ്ട് സ്നേഹം പങ്കിടണമെന്ന് വീട്ടുകാരുമായി വാശിപിടിച്ച് തലസ്ഥാനത്തേക്ക് എത്തിയത്. മാതാപിതാക്കളായ മുഹമ്മദ്, ഫാജിഷ മുഹമ്മദ്, ഷംസീർ, അഫീറ ഷംസീർ, സുൾനാസ്, മജ്സിയ സുൽനാസ് എന്നിവരാണ് മുഖ്യമന്ത്രിയെ കാണാനുള്ള കുട്ടികളുടെ ആഗ്രഹം സാധിക്കാൻ മുന്നിട്ടിറങ്ങിയത്.
മുഖ്യമന്ത്രിയെ കാണാൻ സാധിക്കുമോയെന്ന് ഉറപ്പില്ലായിരുന്നെന്നും ആഗ്രഹം നടന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും കുട്ടികളും മാതാപിതാക്കളും പറയുന്നു. പുലർച്ചെ രണ്ടുമണിക്ക് തിരുവനന്തപുരത്ത് എത്തിയ ഇവർ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. കുട്ടികളെയും മുഖ്യമന്ത്രി വി ഡി സതീശൻ ചേർത്തു നിർത്തി ഫോട്ടോ എടുക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഫോട്ടോ സെഷന് ശേഷം മുഖ്യമന്ത്രിയുടെ ഒപ്പ് വേണമെന്ന് പറഞ്ഞ കുട്ടികൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ ഒപ്പ് വാങ്ങിയത് മുഖ്യമന്ത്രിയിൽ ചിരി പടർത്തി. “നല്ല അടിപൊളി ഡ്രസ്സാണല്ലോ” എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ കമന്റ്. മുഖ്യമന്ത്രിയുടെ ഒപ്പുള്ള വസ്ത്രങ്ങൾ കഴുകാൻ പോലും സമ്മതിക്കില്ലെന്നും എക്കാലവും സൂക്ഷിച്ചു വെക്കുമെന്നും കുട്ടികൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam