
കോഴിക്കോട്: കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാഫിയെ കുത്തിപ്പരിക്കേല്പിച്ച പ്രതി പ്രമോദ് ലക്ഷ്യം വെച്ചത് മറ്റു രണ്ടു ഉദ്യോഗസ്ഥരെയെന്ന സംശയത്തിൽ പൊലീസ്. മുമ്പ് മറ്റൊരു കേസിൽ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ടു ഉദ്യോഗസ്ഥർ ഇപ്പോൾ ടൗൺ പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഈ പൊലീസുകാരെ ലക്ഷ്യം വെച്ചു കത്തി കൈയിൽ കരുതിയിരുന്നതായി ഇയാൾ ചിലരോട് പറഞ്ഞിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥന്‍റെ ഫോട്ടോ പ്രതിയുടെ പേഴ്സിൽ നിന്നും കണ്ടെത്തി. മുൻ കസബ എസ്ഐ സിജിത്ത്, സിപിഒ നിറാസ് എന്നിവരെ ആക്രമിക്കുമെന്ന് പ്രതി ഭീഷണി മുഴക്കുകയും ചെയ്തു. പ്രമോദിനെ ഒരു കേസിൽ അറസ്റ്റ് ചെയ്തതാണ് ഇവരോടുള്ള പകക്ക് കാരണം. പ്രതിക്കെതിരെ നിലവിൽ എട്ടു കേസുകളുണ്ട്. കളക്ടറുടെ കാർ ആക്രമിച്ചതിലും പോളിംഗ് ബൂത്ത് കയ്യേറിയതിലും പ്രതിയാണ്. മാവോവാദി പോസ്റ്റർ ഒട്ടിച്ച കേസിലും പ്രതിയാണ്. കുത്തേറ്റ ഷാഫിയുമായി മുൻ വൈരാഗ്യം ഒന്നുമില്ലെന്നാണ് ഇയാളുടെ മൊഴി. പ്രമോദ് പ്രതിയായ പഴയ കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് സ്റ്റേഷന് മുന്നിലെ ഹോട്ടലിൽ വെച്ചുണ്ടായ തർക്കത്തിന് പിന്നാലെ പ്രമോദ് എസ് ഐയെ കുത്തിപരിക്കേല്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ് ഐ ഷാഫിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam