വെള്ളാപ്പള്ളി സമുദായംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയെന്ന് സുഭാഷ് വാസു

By Web TeamFirst Published Jan 3, 2020, 1:26 PM IST
Highlights

 2002-ന് ശേഷം മാത്രം വെള്ളാപ്പള്ളിക്ക് 1000 കോടിയുടെ സ്വത്താണ് ഉണ്ടായത്. എവിടെ നിന്നാണ് വെള്ളാപ്പള്ളിക്ക് ഇത്രയും വരുമാനം. അഴിമതിയും കൊലപാതകവുമടക്കം വെള്ളാപ്പള്ളിയും കൂട്ടരും നടത്തിയ കുറ്റകൃത്യങ്ങള്‍ ജനുവരി 16-ന് സെന്‍കുമാറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തും. 


ആലപ്പുഴ: ഏറെനാളായി പുകഞ്ഞു നില്‍ക്കുന്ന എസ്‍എന്‍ഡിപിയിലെ അഭ്യന്തര പ്രശ്നങ്ങള്‍ ഒടുവില്‍ പൊട്ടിത്തെറിയിലെത്തി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ അതീവഗുരതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സുഭാഷ് വാസു വാര്‍ത്താസമ്മേളനം നടത്തി. 

സമുദായഗംങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്നും ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നും സുഭാഷ് വാസു ആരോപിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസ് മത്സരിക്കാതിരുന്നത് സിപിഎമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ ജനുവരി 16-ന് തിരുവനന്തപുരത്ത് ടിപി സെന്‍കുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പ്രഖ്യാപിച്ചു, 

കേന്ദ്ര സ്പൈസസ് ബോര്‍ഡ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുമായുള്ള തുറന്ന പോരിന്  സുഭാഷ് വാസു കളത്തിലിറങ്ങിയിരിക്കുന്നത്. എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ അധ്യക്ഷനായിരുന്ന സുഭാഷ് വാസു വെള്ളാപ്പള്ളിക്കും തുഷാറിനും ശേഷം എസ്എൻഡിപിയിലെ സുപ്രധാന നേതാവായിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വാസു അധ്യക്ഷനായ മാവേലിക്കര യൂണിറ്റ് വെള്ളാപ്പള്ളി നേരത്തെ പിരിച്ചു വിട്ടിരുന്നു. ചില രേഖകള്‍ മോഷ്ടിച്ചു എന്നാരോപിച്ച് വാസുവിനെതിരെ എസ്എന്‍ഡിപി താലൂക്ക് അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതിയും നല്‍കി.

സുഭാഷ് വാസുവിന്‍റെ വാക്കുകള്‍... 

ബിഡിജെഎസിന്‍റെ സ്ഥാപക പ്രസിഡന്‍റ് താനാണ്. രേഖകള്‍ പ്രകാരം ഇപ്പോഴും തനിക്കാണ് ബിഡിജെഎസിന്‍റെ ചുമതല. കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളിലെല്ലാം ബിഡിജെഎസിനെ വച്ചു കുതിരക്കച്ചവടം നടത്തുകയാണ് വെള്ളാപ്പള്ളിയും തുഷാറും ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയയിലും ആറ്റിങ്ങലിലും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. അരൂര്‍ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സിപിഎമ്മിനെ സഹായിച്ചു. 

സാമ്പത്തികപരമായും അല്ലാതെയുമുള്ള കൂട്ടുക്കെട്ടാണ് സിപിഎമ്മുമായി വെള്ളാപ്പള്ളിക്കും തുഷാറിനുമുള്ളത്. ഈഴവസമുദായംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി. എസ്എൻഡിപി യിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയാണ് എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുന്നത്. ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപില്‍ വരെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും ഫ്ളാറ്റുണ്ട്. ഇതെല്ലാം അവര്‍ അനധികൃതമായി സമ്പാദിച്ചതാണ്. 

ജനുവരി പതിനാറിന് മുന്‍ഡിജിപി ടിപി സെന്‍കുമാറിനൊപ്പം തിരുവനന്തപുരത്ത് താന്‍ മറ്റൊരു വാര്‍ത്താസമ്മേളനം നടത്തും. വെള്ളാപ്പള്ളിയും കൂട്ടരും നടത്തിയ വലിയ അഴിമതിയുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ അന്നു താന്‍ വെളിപ്പെടുത്തും. ദുബായിൽ തുഷാറിന്‍റെ ബിസിനസിന്റെ  കരാര്‍ ഏറ്റെടുത്ത് നടത്തിയ വകയിൽ  3.60 ലക്ഷം ദിർഹം  തനിക്ക് നൽകാനുണ്ട്. ഈ പണം ഇതുവരേയും തനിക്ക് തുഷാര്‍ തന്നിട്ടില്ല എന്നു മാത്രമല്ല തുഷാറില്‍ നിന്നും തനിക്ക് വധഭീഷണിയുമുണ്ട്. ചെക്ക് കേസില്‍പ്പെട്ട് തുഷാറിന് ദുബായില്‍ കിടക്കേണ്ടി വന്നത് സ്വന്തക്കാര്‍ മൂലമാണ്. മറിയ എന്നൊരു സ്ത്രീയാണ് തുഷാറിന് ചെക്ക് നല്‍കിയത്. അവരെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല. 

ഈഴവ സമുദായത്തിനകത് ഹിത പരിശോധന നടത്താൻ വെള്ളാപ്പള്ളി നടേശനെ താന്‍ വെല്ലുവിളിക്കുന്നു. ഒരു വെള്ളി രൂപയുടെ കാശിന് പോലും മാവേലിക്കര യൂണിയനില്‍ തട്ടിപ്പ് നടത്തിയിട്ടില്ല. നിയമാനുസൃതമായാണ് മാവേലിക്കര യൂണിയന്‍ പ്രവര്‍ത്തിച്ചത്. 2002-ന് ശേഷം മാത്രം വെള്ളാപ്പള്ളിക്ക് 1000 കോടിയുടെ സ്വത്താണ് ഉണ്ടായത്. എവിടെ നിന്നാണ് വെള്ളാപ്പള്ളിക്ക് ഇത്രയും വരുമാനം ? 

വെള്ളാപ്പള്ളിയുടെ കുടുംബസ്വത്തായിട്ടല്ല, ദേവസ്വം ബോർഡ് സ്ഥാനവും സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനവും കിട്ടിയത്. ബിഡിജെഎസിന്‍റേയും  എസ്എൻഡിപിയുടേയും പാവപ്പെട്ട പ്രവർത്തകർ അധ്വാനിച്ചതിന്‍റെ ഫലമാണത്. എസ്എൻഡ‍ിപിയുടെ കോളേജുകള്‍ ചുളുവില്‍ പിടിച്ചെടുക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിച്ചു. സിപിഎമ്മുമായി ചേര്‍ന്ന് കുതിരക്കച്ചവടം നടത്തിയ തുഷാര്‍ വെള്ളാപ്പള്ളിയെ അമിത് ഷാ താക്കീത് ചെയ്തിരുന്നുവെന്നും സുഭാഷ് വാസു വെളിപ്പെടുത്തുന്നു. 
 

click me!