സുഡാൻ സ്ഫോടനം: മരിച്ച ആറ് പേര്‍ ഇന്ത്യാക്കാരെന്ന് വിദേശകാര്യ മന്ത്രാലയം

By Web TeamFirst Published Dec 6, 2019, 5:53 PM IST
Highlights
  • സുഡാനിലെ ഖാർത്തൂമിലുള്ള ബാഹ്റി എന്നയിടത്തുള്ള സലൂമി എന്ന സെറാമിക് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്
  • ഫാക്ടറിയിൽ ചൊവ്വാഴ്ച വൈകിട്ടോടെ ഒരു ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം

ഖാര്‍ത്തൂം: സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ട ആറ് പേര്‍ ഇന്ത്യാക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചവരിൽ 18 പേര്‍ ഇന്ത്യാക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എട്ട് ഇന്ത്യാക്കാര്‍ ചികിത്സയിലുണ്ടെന്നും 11 പേരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും 33 പേര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സ്ഫോടനത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്. 135 പേർക്കെങ്കിലും പരിക്കേറ്റു. മരിച്ചവരിൽ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല. സുഡാനിലെ ഖാർത്തൂമിലുള്ള ബാഹ്റി എന്നയിടത്തുള്ള സലൂമി എന്ന സെറാമിക് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഫാക്ടറിയിൽ ചൊവ്വാഴ്ച വൈകിട്ടോടെ ഒരു ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം. കേരളത്തിൽ നിന്ന് ആരുടെയും പേര് മരിച്ചവരുടെ പട്ടികയിലില്ല. പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.

ഇതൊരു അപകടമാണോ ആക്രമണമാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടമാണ് എന്നാണ് ഖാർത്തൂമിലെ ബാഹ്റി പ്രാദേശിക പൊലീസ് മേധാവി ബ്രിഗേഡിയർ ജനറൽ ഹസ്സൻ അബ്ദുള്ള വ്യക്തമാക്കുന്നത്.  ഫാക്ടറിയിലേക്കുള്ള സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഗ്യാസ് ടാങ്കർ പൂർണമായും ചിതറിത്തെറിച്ചു. ഇതോടെ ഫാക്ടറിയ്ക്കുള്ളിലേക്കും തീ പടർന്നു. ജീവനക്കാർ പലരും ഫാക്ടറിക്ക് അകത്തേക്ക് തീപടര്‍ന്നാണ് മരിച്ചത്.

click me!