
കൊച്ചി: ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിട്ടും കൊച്ചിയിൽ മെട്രോയുടെ പണിയിലേർപ്പെട്ട് തൊഴിലാളികൾ. സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നിലനിൽക്കുന്ന ജില്ലയാണ് എറണാകുളം. ഉച്ച നേരത്ത് പുറത്തിറങ്ങുമ്പോൾ പോലും അതീവ ജാഗ്രത പാലിക്കേണ്ട സമയത്താണ് ഉയരത്തിൽ കെട്ടിപ്പടുത്ത മുളങ്കൂടുകളിൽ നിന്ന് തൊഴിലാളികൾ പണിയെടുക്കുന്നത്.
നേരത്തെ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ച ഉച്ചനേരത്തും പണിയെടുപ്പിച്ച രണ്ട് കെട്ടിട നിർമ്മാണ സൈറ്റുകളിൽ ജോലി നിർത്തിവെയ്‌ക്കാൻ നിർദേശം നൽകിയിരുന്നു. നഗരത്തിൽ തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ തൊഴിലാളികളെ കൊണ്ട് അനധികൃതമായി ജോലി ചെയ്യിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ചിത്രം: സോളമൻ റാഫേൽ
പകൽ 12 മുതൽ 3 വരെ ജോലി ചെയ്യിപ്പിക്കുന്നത് തൊഴിൽ വകുപ്പ് നിരോധിച്ചിരുന്നത് ലംഘിച്ച രണ്ടു സൈറ്റുകളിലെ ജോലി നിർത്തിവയ്ക്കാനാണ് നിർദേശം നൽകിയത്. പരിശോധന തുടരുമെന്ന് ജില്ലാ ലേബർ ഓഫീസർ ബി എസ് രാജീവ് അറിയിച്ചിരുന്നു. എന്നാൽ നിയമം ശക്തമാകും തോറും നിയമലംഘനവും തുടരുകയാണെന്നാണ് ചുട്ടു പൊള്ളിക്കുന്ന വെയിലിൽ സൂര്യന് തൊട്ടു താഴെ സിമന്‍റിനും കമ്പിക്കും ഇടയിൽ നിന്ന് ജോലി ചെയ്യുന്ന ഈ തൊഴിലാളികൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേർക്ക് സംസ്ഥാനത്ത് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സൂര്യാഘാത മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാല് ദിവസത്തേക്ക് കൂടി നീട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam