
തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക് ഡൗണിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകളില്ലാത്ത ആദ്യ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണിന് നല്ല പ്രതികരണം. അവശ്യസേവനങ്ങൾ മാത്രമാണ് നടക്കുന്നത്. സംസ്ഥാന വ്യാപകമായി മരുന്ന് കടകൾ, പാൽ, മറ്റ് അവശ്യസാധങ്ങൾ വിൽക്കുന്ന കടകൾ ഒഴികയുള്ള കടകൾ തുറന്നില്ല. ഹോട്ടലുകളിൽ നിന്ന് രാവിലെ എട്ട് മണി മുതൽ പാർസൽ നൽകുന്നുണ്ട്. 10 മണി വരെ ഓൺലൈൻ ഭക്ഷണവിതരണം നടക്കും. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല.
നഗരങ്ങളിലെ പ്രധാനസ്ഥലങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിൽ നഗരങ്ങളിലെ പ്രധാന മൂന്ന് റോഡുകൾ രാവിലെ 5 മുതൽ 10 വരെ അടഞ്ഞ് കിടക്കും. റെഡ്സോൺ ജില്ലയായ കണ്ണൂരിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാം അടഞ്ഞ് കിടക്കുകയാണ്. പാലക്കാട് കഞ്ചിക്കോട് വ്യവസായമേഖലയിൽ ഭക്ഷ്യസംസ്ക്കരണ പ്ലാന്റും മരുന്ന് സാമഗ്രഹികളുണ്ടാക്കുന്ന സ്ഥാപനങ്ങളും ഒഴികെ മറ്റെല്ലാ വ്യവസായ യൂണിറ്റുകളും അടഞ്ഞ് കിടക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങിൽ നിന്ന് പാസുമായി വരുന്നവരെ പൊലീസ് സുരക്ഷയിൽ വീടുകളിൽ എത്തിക്കുന്നുണ്ട്. അടിയന്തരസാഹചര്യങ്ങളിലെ യാത്രക്ക് കളക്ടറുടെയോ പൊലീസിന്റെയോ പാസ് വേണം. പ്രവാസികൾ മടങ്ങിയെത്തിത്തുടങ്ങിയതോടെ നിരീക്ഷവും ജാഗ്രതയും കർശനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സമ്പൂർണ്ണ അടച്ച് പൂട്ടൽ പ്രഖ്യാപനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam