
കൊച്ചി: സംസ്‌ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് (സപ്ലൈകോ) ഭക്ഷ്യോൽപ്പന്നങ്ങൾ വിതരണം ചെയ്തതിൽ കുടിശ്ശികയായി ലഭിക്കാനുള്ള 650 കോടിയിലേറെ രൂപ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള വിതരണക്കാർ കേരളപ്പിറവി ദിനത്തിൽ സപ്ലൈകോ ആസ്ഥാനത്ത് സൂചനാ സമരം സംഘടിപ്പിച്ചു. വിതരണക്കാർക്ക് നൽകാനുള്ള ആറുമാസത്തെ കുടിശിക ഉടൻ നൽകണമെന്നും വിതരണക്കാരെ ബാങ്ക് ജപ്തിയിൽ നിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടാണ് കൊച്ചി ഗാന്ധിനഗർ സപ്ലൈകോയുടെ ഹെഡ് ഓഫീസിനു മുന്നിൽ സമരം നടത്തിയത്.
കഴിഞ്ഞ ആറുമാസമായി സപ്ലൈകോയിൽ ഭക്ഷ്യോൽപ്പന്നങ്ങൾ വിതരണം ചെയ്തവർക്ക് പണം നൽകിയിട്ടില്ല. കിടപ്പാടം പോലും പണയപ്പെടുത്തിയാണ് സപ്ലൈകോക്ക് വിതരണക്കാർ സാധനങ്ങൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആറു മാസത്തിലേറെയായി വായ്പയുടെ പലിശപോലും അടക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് സമരക്കാർ പറഞ്ഞു. കേരള, ആന്ധ്ര, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള വിതരണക്കാർ സമരത്തിനെത്തി. ബാങ്ക് ജപ്തി നോട്ടീസ് ലഭിച്ച സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനിറങ്ങിയതെന്നും കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ 1500 കമ്പനികൾക്കാണ് സപ്ലൈകോ പണം കൊടുക്കാനുള്ളതെന്നും സമരക്കാർ പറഞ്ഞു. ജിഎസ്ടി പോലും അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിതരണക്കാർ. പല വിതരണക്കാരുടെയും ജിഎസ്ടി ബ്ലോക്ക് ചെയ്ത അവസ്ഥയാണ്. റവന്യു റിക്കവറിയിലേക്ക് നീങ്ങുമെന്ന് ജിഎസ്ടി വകുപ്പ് മുന്നറിയിപ്പ് നൽകിയതായും വിതരണക്കാരുടെ കൂട്ടായ്മ പറയുന്നു. കമ്പനികളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളം പോലും കൃത്യമായി കൊടുക്കുവാൻ സാധിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.
Read More.... നയാപൈസയില്ല, കേരളത്തിന്‍റെ സര്‍വ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി, വഴിമുട്ടി സാധാരണക്കാരുടെ ജീവിതം
ആന്ധ്രാപ്രദേശ് ശ്രീലക്ഷ്മി റൈസ് മിൽ ആൻഡ് ഹൈജീനിക് ഫുഡ് ഉടമ ശ്രീനിവാസ് റെഡ്‌ഡി, അമിത് സത്യൻ ( യൂണിബിക് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), പ്രമോദ് കൃഷ്ണ (ഡെവോൺ ഫുഡ്സ്), സെബി ആൽബർട്ട് (ആൽബർട്ട് ആൻഡ് സൺസ്), ബാബുരാജ് (മദീന സ്റ്റാർ), കിച്ചൻ ട്രഷേർസ് , മേളം ഫുഡ്സ്, എലൈറ്റ് ഫുഡ്സ്, ഈസ്റ്റേൺ, ഗ്രീൻ മൗണ്ട് , തുടങ്ങിയ നിരവധി ഭക്ഷ്യോത്പന്ന വിതരണ കമ്പനികളുടെ പ്രതിനിധികൾ ധർണയിൽ പങ്കെടുത്തു.