നയാപൈസയില്ല, കേരളത്തിന്‍റെ സര്‍വ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി, വഴിമുട്ടി സാധാരണക്കാരുടെ ജീവിതം
നവംബറിനു ശേഷം സംസ്ഥാനത്തിന്‍റെ ദൈനംദിന ചിലവുകള്‍ വരെ മുടങ്ങുന്ന സ്ഥിതി ഉണ്ടായേക്കാം.സപ്ലൈകോ മുതല്‍ നെല്ല് സംഭരണം വരെ പ്രതിസന്ധിയില്‍,പൊതുജനങ്ങളുടെ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണ്‍

തിരുവനന്തപുരം: കേരളത്തിന്‍റെ സര്‍വ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. സപ്ലൈകോയില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ല. വില വര്‍ധന വേണമെന്ന് സപ്ളൈകോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. നെല്ല് സംഭരണം പ്രതിസന്ധിയിലാണ്. ക്ഷേമ പെന്‍ഷന്‍ വിതരണവും മാസങ്ങളോളം വൈകുകയാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൃത്യമായി വതരണം ചെയ്യാനാകുന്നില്ല. സാധാരണക്കാരുടെ ജീവിതം വിഴമുട്ടി നില്‍ക്കുകയാണ്.
പൊതുജന പ്രതകരണം ഉള്‍പ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് സ്പെഷ്യല്‍ ലൈവത്തോണ്‍ സംഘടിപ്പിച്ചു. ഈ വര്‍ഷം ഇനി കടം പോലും എടുക്കാനാകാത്ത ഗുരുതര സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മാറിക്കഴിഞ്ഞു. കേന്ദ്രത്തില്‍ ലഭിക്കേണ്ട വിഹിതം അടിയന്തിരമായി ലഭിച്ചില്ലെങ്കില്‍ നവംബറിനു ശേഷം സംസ്ഥാനത്തിന്‍റെ ദൈനംദിന ചിലവുകള്‍ വരെ മുടങ്ങുന്ന സ്ഥിതി ഉണ്ടായേക്കാം. വകുപ്പുകള്‍ക്കും വിവിധ ക്ഷേമ പദ്ധതികള്‍ക്കുമായി കൊടുക്കേണ്ട തുക കണ്ടെത്താനായില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം സാധാരണക്കാരേയും ബാധിക്കും
സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും മില്ലുടമകളുടെ നിസ്സഹകരണവും മൂലം നെല്ല് സംഭരണം കുത്തഴിഞ്ഞ നിലയിലാണ്. ഓരോ സീസണിലും ശരാശരി 50 മില്ലുകള്‍ നെല്ല് സംഭരണത്തിന് വന്നിരുന്ന സ്ഥാനത്ത് ഇത്തവണ 11 മില്ലുകള്‍ മാത്രമാണ് രംഗത്തുള്ളത്.ബാങ്ക് കൺസോര്‍ഷ്യത്തിന്‍റെ നിഷേധാത്മക നിലപാടും കുടിശിക കൈമാറുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ചയും മൂലം കര്‍ഷകര്‍ക്ക് യഥാസമയം നെല്ലിന്‍റെ പണം കൈമാറാനും കഴിയാത്ത അവസ്ഥയാണ് . ചെറിയ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് കൊടുക്കേണ്ട ഗതികേടിലാണ് മിക്ക കർഷകരും
സബ്‌സിഡി സാധനങ്ങൾ എത്തുന്നത് നിലച്ചതോടെ സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകൾക്ക് വൻ വരുമാന നഷ്ടം. പ്രതിദിന വിറ്റുവരവ് മൂന്നിലോന്നായി കുറഞ്ഞതോടെ താത്കാലിക ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വകയില്ല. സപ്ലൈകോയെ ആശ്രയിച്ചു കഴിയുന്ന നിരവധി ദിവസ വേതനക്കാർക്ക് ജോലിയും നഷ്ടമായി.ഗ്രാമീണ മേഖലയില്‍ 15 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയില്‍ വിറ്റുവരവുണ്ടായിരുന്ന സപ്ലൈകോ ഷോപ്പുകളിലെല്ലാം വരുമാനം നേര്‍പകുതിയായി കുറഞ്ഞെന്നതാണ് സമീപകാല അനുഭവം.
സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ ഉടക്കി അഭിമാന പദ്ധതിയായ ലൈഫും അനിശ്ചിതത്വത്തിൽ . സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിലെ കാലതാമസം മുതൽ വായ്പയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന അനുമതിയിൽ വരെ മെല്ലെപ്പോക്കാണ്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ കേരള റൂറൽ ആന്‍റ് അര്‍ബൻ ഡെവലപ്മെന്റ് കോര്‍പറേഷൻ വഴി സമാഹരിക്കുന്ന വായ്പ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ മൊത്തം കടപരിധിയിൽ പെടുത്തിയേക്കുമെന്ന ആശങ്കയും സര്‍ക്കാര്‍ ശ്രമങ്ങളെ പിന്നോട്ടടിക്കുന്നതാണ്.