
ദില്ലി: ഒന്നാം പിണറായി സർക്കാരിലെ മുഖ്യമന്ത്രിയടക്കം മന്ത്രിമാർക്കെതിരെ അപകീർത്തിപരമായ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ വാട്സ്ആപ്പ് സന്ദേശം കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്ന് സംസ്ഥാനസർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വാട്സ്ആപ്പിൽ പ്രചരിച്ച സന്ദേശം ഹാജരാക്കിയ ശേഷം സംസ്ഥാനസർക്കാർ നൽകിയ അപ്പീലിൽ വിശദമായ വാദം കേൾക്കാമെന്ന് ജസ്റ്റിസ് സഞ്ജീവ ഖന്ന, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2020 ലാണ് കേസിന് ആസ്പദമായ സംഭവം.
വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ വൈദ്യുത മന്ത്രി എംഎം മണി അടക്കമുള്ളവർക്കെതിരെ അപകീർത്തിപരമായ പരാമർശം പ്രചരിപ്പിച്ചെന്ന് കാട്ടി മൂന്നാർ പൊലീസാണ് കേസ് എടുത്തത്. കോളേജ് അധ്യാപകൻ അടക്കം രണ്ട് പേരെ പ്രതിചേർത്ത കേസിൽ നേരിട്ട് മജീസ്ട്രേറ്റിന് സമീപിച്ച് കേസ് എടുക്കാനുള്ള അനുവാദം വാങ്ങുകയായിരുന്നു. എന്നാൽ ഈ കേസ് ഹൈക്കോടതി റദ്ദാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് പരാതിക്കാരനില്ലാതെ പൊലീസിന് നേരിട്ട് മജിസ്ട്രേറ്റിനെ സമീപിച്ച് കേസ് എടുക്കാനാകില്ലെന്ന് കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
പൊലീസിന് നേരിട്ട് മജീസ്ട്രേറ്റിനെ സമീപിച്ച് ഇത്തരം കേസുകളിൽ കേസ് എടുക്കാമെന്ന് ഹൈക്കോടതി വിധി നിലനിൽക്കെയാണ് സിംഗിൾ ബെഞ്ച് കേസ് റദ്ദാക്കിയതെന്നാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്. എന്നാൽ അപകീർത്തി പരമെന്ന് പൊലീസ് പറയുന്ന വാട്സ്ആപ്പ് സന്ദേശം എന്താണെന്ന ചോദ്യം കോടതി ഉന്നയിച്ചു. ഇത് കോടതിയിൽ ഹാജരാക്കണമെന്ന് ജഡ്ജിമാർ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. തുടർന്ന് കേസ് ഈ വർഷം ജൂലൈ 24ന് പരിഗണിക്കാനായി മാറ്റി. സംസ്ഥാനസർക്കാരിനായി മുതിർന്ന് അഭിഭാഷകൻ ജയദീപ് ഗുപത്, സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. കേസിലെ എതിർകക്ഷികൾക്കായി അഭിഭാഷകൻ രഞ്ജിത്ത് മാരാർ ഹാജരായി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam