ദില്ലി: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലെ എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്ന് കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് നൽകിയ ഹർജി പിൻവലിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം റദ്ദാക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
കേസിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ എഫ്ഐആർ റദ്ദാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചാണ് വ്യക്തമാക്കിയത്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കി കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്താനാകില്ലെന്ന് നേരത്തെ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു എഫ്ഐആർ റദ്ദാക്കാൻ സാധിക്കില്ലെന്ന് നിലപാടെടുത്തത്.
നേരത്തെ സംഘടനയുടെ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ നൽകിയ സമാനമായ ഹർജി കേരളാ ഹൈക്കോടതിയും തള്ളിയിരുന്നു. 2017 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ തട്ടിയെടുത്തെന്നാണ് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്കെതിരായ പരാതി. ജാസ്മിൻ ഷാ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ജാസ്മിൻ ഷായുടെ ഭാര്യ ഉൾപ്പടെ എട്ടു പ്രതികളാണ് കോസിൽ ഇപ്പോഴുള്ളത്. കേസില്‍ ജാസ്മിന്‍ ഷാ ഒന്നാം പ്രതിയും ഭാര്യ ഷബ്ന എട്ടാം പ്രതിയുമാണ്.
സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ഷബ്നയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷബ്നയെയും കേസിൽ പ്രതിയാക്കിയത്. ജാസ്മിന്‍ ഷായും ഷോബി ജോസഫും ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞു. ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു നേരത്തേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
എന്നാല്‍, താന്‍ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങിയതിനു പിന്നാലെ ജാസ്മിന്‍ ഷാ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam