
ദില്ലി: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നിരക്ക് നിശ്ചയിക്കുന്നത് ന്യൂനപക്ഷകാര്യ മന്ത്രാലയമാണ്, നയപരമായ തീരുമാനത്തില്‍ കോടതി അഭിപ്രായം പറയുന്നത് ഉചിതമാകില്ല. കോടതി ഇടപെടല്‍ വിപരീത ഫലമുണ്ടാക്കിയേക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതേസമയം, കോഴിക്കോട് – ജിദ്ദ വിമാനങ്ങളുടെ യാത്രാനിരക്ക് കൂടാനുള്ള കാരണം പരിശോധിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രാദേശിക നേതാവടക്കമുള്ള ആറ് പേരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കരിപ്പൂരില്‍ നിന്ന് 40,000 രൂപ അധികം ഈടാക്കുന്നുവെന്നും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മുസ്ലിങ്ങള്‍ക്ക് മതപരമായ കടമ നിര്‍വഹിക്കാന്‍ അവസരം ഒരുക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ അരുണബ് ചൗധരിയും അഭിഭാഷകന്‍ ഹാരിസ് ബീരാനും കോടതിയെ അറിയിച്ചു. ഉയര്‍ന്ന നിരക്കിനുള്ള കാരണം മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ വിശദീകരിക്കണമെന്ന് കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിർന്ന അഭിഭാഷകന്‍ അരുണബ് ചൗധരി, അഭിഭാഷകരായ ഹാരിസ് ബീരാന്‍, അസര്‍ അസീസ് എന്നിവര്‍ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam