ജിഷാ കൊലക്കേസ്; പ്രതി അമീറുള്‍ ഇസ്‌ലാമിനെ അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രിം കോടതി പരാമര്‍ശം

Published : Nov 25, 2022, 03:39 PM ISTUpdated : Nov 25, 2022, 03:56 PM IST
ജിഷാ കൊലക്കേസ്; പ്രതി അമീറുള്‍ ഇസ്‌ലാമിനെ അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രിം കോടതി പരാമര്‍ശം

Synopsis

 ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമായിരുന്നു അമീറുള്‍ ഇസ്‌ലാമിന്‍റെ ആവശ്യം. 

ദില്ലി:  പെരുമ്പാവൂർ ജിഷാ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്‌ലാമിനെ നിലവിലെ ജയില്‍ചട്ട പ്രകാരം അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി പരാമർശം. ജയില്‍മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014 -ലെ ചട്ടങ്ങള്‍ കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അമീറുളിന്‍റെ ഹര്‍ജി ഡിസംബര്‍ അഞ്ചിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. 

2014-ലെ ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. വധശിക്ഷയ്ക്ക് എതിരായ അപ്പീല്‍, കോടതിയുടെ പരിഗണനയില്‍ ആണെങ്കില്‍ അവരെയും മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കെ അസമിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 

കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുള്‍ ഇസ്‌ലാം സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചു. നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്.

2016 ഏപ്രില്‍ 28ന് ആണ്, പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്ത് 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ജൂൺ 16ന് പ്രതി, അസം സ്വദേശി അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന അതീവ സുരക്ഷയുള്ള സി ബ്ലോക്കിലാണ് അമീര്‍ ഉള്‍ ഇസ്ലാമിനെ താമസിപ്പിച്ചിരിക്കുന്നത്. സി ബ്ലോക്കിലെ രണ്ടാമത്തെ സെല്ലില്‍ 3898 എന്ന നമ്പറിലാണ് ജയില്‍ രേഖകളില്‍ അമീര്‍ ഉള്‍ ഇസ്ലാം അറിയപ്പെടുന്നത്. അഭിഭാഷകരായ കെ. പരമേശ്വര്‍, ശ്രീറാം പറക്കാട്, സതീഷ് മോഹനന്‍ എന്നിവരാണ് അമീറുളിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

 

കൂടുതല്‍ വായനയ്ക്ക്:   അമീര്‍ ഉള്‍ ഇസ്ലാം ഇനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ നമ്പര്‍ 3898

കൂടുതല്‍ വായനയ്ക്ക്:   'അസമിലെ ജയിലിലേക്ക് മാറ്റണം'; ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം സുപ്രീം കോടതിയിൽ


 

PREV
Read more Articles on
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി