
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനം ഉയർത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിൽ ജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും. അടിസ്ഥാന വികസനത്തിന് വേണ്ട ഡിസൈൻ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്‍റെ ഭരണത്തിലൂടെ മാത്രമാണ് സാധ്യമാവുകയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
വോട്ട് ചെയ്യാൻ രാവിലെ 6.35ന് സുരേഷ് ഗോപിയും കുടുംബവും എത്തി. വോട്ട് ചെയ്ത ശേഷം പാർലമെന്‍റിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് പോകും. തിരുവനന്തപുരത്തെ ശാസ്തമംഗലം എൻഎസ്എസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലേക്ക് വോട്ട് മാറ്റിയ സുരേഷ് ഗോപി, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്.
ആവേശം അലതല്ലിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 36,630 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 മണിക്ക് അവസാനിക്കും. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം, സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഉണ്ടാകും. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam