
ദില്ലി:മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടേനെയെന്ന സുരേഷ് ഗോപിയുടെ പരമാര്‍ശത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കില്ല. കടുത്ത നിലപാട് തുടര്‍ന്നാല്‍ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭരണ ഘടന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ഫിലിംചേംബര്‍ സ്വീകരണത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അഭിനയിക്കുന്നതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ രക്ഷപ്പെട്ടുവെന്ന പരാമര്‍ശം സര്‍ക്കാരിനും ക്ഷീണമായി. അഭിനയിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തിന്മേല്‍ പരിഗണിക്കാമെന്ന ഒഴുക്കന്‍ മറുപടി നല്‍കിയതല്ലാതെ ഇനിയും അനുമതി നല്‍കിയിട്ടില്ല. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ആവശ്യമെന്നതിനാല്‍ സര്‍ക്കാരിന് ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. മന്ത്രി പദവിയിലിരുന്ന് പണസമ്പാദനത്തിനുള്ള മറ്റ് വഴികള്‍ തേടരുതെന്നാണ് നിലവിലെ ചട്ടമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
സുരേഷ് ഗോപിക്ക് അനുമതി നല്‍കിയാല്‍ മറ്റുള്ളവരും ആവശ്യങ്ങളുമായി എത്തിയേക്കാം. അത് പ്രതിസന്ധിക്കും നിയമ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രസംഗത്തിലേക്ക് അമിത്ഷായെ വലിച്ചിഴച്ചതിലും കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. മന്ത്രി പദത്തിലിരുന്ന് തുടര്‍ച്ചയായി സുരേഷ് ഗോപി വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലെ അതൃപ്തി സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വത്തെ അറിയിച്ചുണ്ട് . അതേ സമയം സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു.മന്ത്രിമാര്‍ക്ക് എന്തും വിളിച്ച് പറയാവുന്ന സാഹചര്യം മോദി കൂടുതല്‍ ദുര്‍ബലനായതിന്‍റെ തെളിവാണെന്ന് മാണിക്കം ടാഗോര്‍ എംപി വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam