
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി പലസ്ഥലങ്ങളിലായി വോട്ടു ചേർക്കുന്നതില്‍ പ്രതികരിച്ച് തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്. ജനാധിപത്യത്തിന്‍റെ അന്തസ് കാത്ത് സൂക്ഷിക്കാത്ത നടപടിയാണ് സുരേഷ് ഗോപിയുടേതെന്നും കുട്ടിക്കളി പോലെയാണ് സുരേഷ് ഗോപി പ്രവർത്തിക്കുന്നതെന്നും, കാർ വാങ്ങിയപ്പോൾ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂർക്കാരനായി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരംകാരനായി, തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണ് ബിജെപി അദ്ദേഹത്തെ തിരുത്താൻ തയ്യാറാകണം എന്നും ജോസഫ് ടാജറ്റ് പ്രതികരിച്ചു. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിലാണ് ചേർത്തിരിക്കുന്നത്. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു. എസ്ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക പുറത്ത് വന്നപ്പോൾ ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ടുള്ളത്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഫ്ലാറ്റ്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും അച്യുതത്തിൽ ഫ്ലാറ്റ് ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam