
കൊച്ചി: പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി വീണ്ടും തൃശൂർ എം പി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് ഉറപ്പായും വരുമെന്ന് പറയുന്നതിനിടെയാണ് സംഭവം. ആരുടെയും പേരെടുത്ത് പറയാതെയാണ് ‘കേരളത്തിൽ എയിംസ് വരും, മറ്റേ മോനേ..’ എന്ന് സുരേഷ് ഗോപി പറഞ്ഞത്. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറയ്ക്കായ്' യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് ജില്ലകൾ നിർദ്ദേശിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ, വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ടത് തൃശ്ശൂർ ജില്ലയെ ആയിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയിൽ അല്ലെങ്കിൽ തൃശ്ശൂരിന് എയിംസ് നൽകുന്നതാണ് നീതിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേരളത്തിൽ എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എവിടെ സ്ഥാപിച്ചാലും സംസ്ഥാനത്തിന് അർഹമായ ഈ വലിയ മെഡിക്കൽ കേന്ദ്രം ലഭിക്കുമെന്നത് ഉറപ്പാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam