
തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച ഫിലോമിനയുടെ വീട്ടിലെത്തി സുരേഷ് ഗോപി. കരുവന്നൂർ അടക്കമുള്ള വിഷയം അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇത്തരം സംഭവം ഇനി ആവർത്തിക്കാൻ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഫിലോമിനയുടെ കുടുംബത്തെ മന്ത്രി ആർ ബിന്ദുവും ഇന്ന് സന്ദര്‍ശിച്ചിരുന്നു. ഫിലോമിനയുടെ ചികിത്സയ്ക്ക് പണം നൽകിയിരുന്നെന്ന മന്ത്രിയുടെ പ്രസ്ഥാവനയിൽ കുടുംബം അതൃപ്തി അറിയിച്ചു. മന്ത്രി ഖേദം പ്രകടിപ്പിച്ചതായും ബാക്കി തുകയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധിയല്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചതായി ഫിലോമിനയുടെ മകൻ ഡിനോ പറഞ്ഞു.
ഫിലോമിനയുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയിരുന്നെന്നും തൃശ്ശൂര്‍ മെഡിക്കൽ കോളജിൽ അത്യാധുനിക ചികിത്സ നൽകിയിരുന്നെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഒരു മാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് ഫിലോമിന അന്തരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബം പറയുന്നത്.
കരുവന്നൂര്‍ തട്ടിപ്പ്: 'ചന്ദ്രന് വീഴ്ച്ച പറ്റിയിട്ടുണ്ട്'; സി കെ ചന്ദ്രനെ തള്ളി സിപിഎം
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. സി.കെ ചന്ദ്രന് വീഴ്ച്ച പറ്റിയിട്ടുണ്ട്. ബാങ്കിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും സി.കെ ചന്ദ്രന് അറിയാമായിരുന്നു. ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങൾ അറിയിക്കാത്തതിനാലാണ് സി.കെ ചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്നും എം എം വര്‍ഗീസ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്. പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സഹകരണ മേഖലയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണ്. ബി ജെ പി അജണ്ട കോൺഗ്രസ് ഏറ്റു പിടിച്ചു എന്നും എം എം വര്‍ഗീസ് അഭിപ്രായപ്പെട്ടു.
ബാങ്ക് തട്ടിപ്പിന് പിന്നില്‍ ചന്ദ്രനാണ് എന്ന് ഒന്നാം പ്രതി ടി ആര്‍ സുനില്‍കുമാറിന്‍റെ പിതാവ് ആരോപിച്ചിരുന്നു. ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാൽ ചന്ദ്രനെതിരെ അന്വേഷണം ഉണ്ടായില്ല. ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളിൽ നിരവധി സ്വത്തുക്കൾ വാരിക്കൂട്ടി. തട്ടിപ്പിൽ മകനെ കുടുക്കുകയായിരുന്നുവെന്നും രാമകൃഷ്ണൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam