
തിരുവനന്തപുരം: എംപി സുരേഷ് ഗോപിക്കെതിരെ വീണ്ടും മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബിജെപിയുടെ സമരത്തിന് പിന്നാലെയാണ് ഗണേഷ് വീണ്ടുമെത്തിയത്. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ഗണേഷ് വ്യക്തമാക്കി. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
Read More.... 'ഇന്ന് കേരളം ചിന്തിക്കുന്നു, നാളെ രാജ്യം ഏറ്റെടുക്കുന്നു'; 2 വർഷത്തിൽ മിന്നും നേട്ടം, സന്തോഷമറിയിച്ച് മന്ത്രി
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനും ഗണേഷ് മറുപടി നൽകി. കേരളത്തിൻ്റെ ഐശ്വര്യമാണ് മതേതരത്വമെന്നും മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ല. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയെ അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.