കരിപ്പൂര്‍ വിമാനപകടം ; രക്ഷയായത് നാട്ടുകാരുടെ ഇടപെടല്‍

By MEHBOOB CFirst Published Aug 6, 2021, 4:42 PM IST
Highlights


വിമാനത്തിന്‍റെ ഇന്ധനം ചോരാൻ സാധ്യതയുണ്ടെന്നും അത് കത്തിപ്പടർന്ന് വൻ ദുരരന്തത്തിന് കാരണമാകുമെന്നും അപ്പോള്‍ അവരാരും ആലോചിച്ചില്ല. പകരം മുറിവേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക അത് മാത്രമായിരുന്നു അവരുടെ ചിന്ത. ആശുപത്രികളില്‍ രക്തം നല്‍കാനായി ആരും പറയാതെ തന്നെ നാട്ടുകാര്‍ വരിനിന്നു. 


തുവരെ അനുഭവിച്ചിട്ടില്ലാത്ത മഹാമാരിയാണ്. ലോകം മുഴുവനും അടഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഭീതിക്കിടയിലാണ് കരിപ്പൂരില്‍ എയർ ഇന്ത്യ എക്‌സ്പ്രസ് ലാന്‍റിങ്ങിനിടെ 2020 ആഗസ്റ്റ് ഏഴിന് രാത്രിയില്‍ തകര്‍ന്ന് വീണത്. അന്ന് മലയാളി മാത്രമല്ല, ലോകം മുഴുവനും കണ്ടു കരിപ്പൂരുകാരുടെ ചങ്കുറപ്പ്, ദയാവായ്പ്പ്.  

വിമാനം അപകടത്തിൽപ്പെട്ടതറിഞ്ഞ് ആദ്യം ഓടിയെത്തിയത് നാട്ടുകാരായിരുന്നു. വിമാനത്താവള സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് വിഭാഗവും എയർപോർട്ട് ഫയർഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ സുരക്ഷാ മതിലും ഗേറ്റും ചാടിക്കടന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനിറങ്ങി. കൊവിഡ് മഹാമാരിയെ  പോലും മറന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്ന തിരക്കിലായിരുന്നു നാട്ടുകാർ.

(രക്തദാനത്തിനായി ഊഴം കാത്ത് നില്‍ക്കുന്നവര്‍ )

കൂടാതെ വിമാനത്തിന്‍റെ ഇന്ധനം ചോരാൻ സാധ്യതയുണ്ടെന്നും അത് കത്തിപ്പടർന്ന് വൻ ദുരരന്തത്തിന് കാരണമാകുമെന്നും അപ്പോള്‍ അവരാരും ആലോചിച്ചില്ല. പകരം മുറിവേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക അത് മാത്രമായിരുന്നു അവരുടെ ചിന്ത. ആശുപത്രികളില്‍ രക്തം നല്‍കാനായി ആരും പറയാതെ തന്നെ നാട്ടുകാര്‍ വരിനിന്നു. എണ്ണയിട്ട യന്ത്രം പോലെ കൈമെയ് മറന്ന് നാട്ടുകാര്‍ ഒറ്റക്കെട്ടായി നിന്നു. അവര്‍ ആംബുലന്‍സുകള്‍ക്ക് വേണ്ടി കാത്തു നിന്നില്ല. പകരം സ്വന്തം വണ്ടിയില്‍ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് കുതിച്ചു. അതിനായി അവര്‍ തന്നെ വഴിയിലെ ട്രാഫിക്ക് നിയന്ത്രിച്ചു. പെരുമഴപോലും വകവെയ്ക്കാതെ. നാട്ടുകാരുടെ ഈ പ്രവര്‍ത്തിയൊന്ന് കൊണ്ട് മാത്രം മരണനിരക്ക് പിടിച്ച് നിര്‍ത്താനായി. 

വാട്‌സാപ്പ് വഴിയും മറ്റും വിവരങ്ങള്‍ കൈമാറിയ നാട്ടുകാര്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ വിമാനത്താവളത്തിലെത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിയിലെല്ലാം നാട്ടുകാരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി കാവല്‍ നിന്നു. വഴിയിലുണ്ടാകാൻ സാധ്യതയുള്ള ഗതാഗക്കുരുക്കഴിച്ചും നാട്ടുകാര്‍ നടത്തിയത് മിന്നൽ രക്ഷാപ്രവർത്തനമായിരുന്നു. പകുതിയിലധികം പേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയതിന് ശേഷമാണ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ഓർമിക്കുന്നു. കൊവിഡ് രൂക്ഷമായിരിക്കുന്ന സമയമായതിനാൽ രക്ഷാപ്രവർത്തകർ ക്വാറന്‍റെയ്‌നിൽ പോകണമെന്ന് ഭണകൂടം നിർദേശിച്ചിരുന്നു. തുടർന്ന് ഇവർ ക്വാറന്‍റെയ്‌നിലേക്ക് മാറി. 

184 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും നിയന്ത്രണംവിട്ട് 40 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി. പൈലറ്റ്, സഹപൈലറ്റ് ഉൾപ്പെടെ 16 പേർ സംഭവ സ്ഥലത്ത് നിന്നും നാല്  പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കെ മരിച്ചു. 

 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!