
തിരുവനന്തപുരം : സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ വധഭീഷണിമുഴക്കി. ഗുണ്ടാ ബന്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്ഐ ജയനാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സാജിദിന് നേരെ ഭീഷണി മുഴക്കിയത്. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.
ഗുണ്ടാ ബന്ധത്തിൻറെ പേരിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചു. സിനിമയെ പോലും വെല്ലുവിധം ഗുണ്ടാ മാഫിയാ- പൊലീസ് ബന്ധം പുറത്തുവന്നതോടെയാണ് നാണക്കേട് മാറ്റാനുള്ള കൂട്ട നടപടികളുണ്ടായത്. തലസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ മംഗലപുരം സ്റ്റേഷനിലാണ് അടിമുടി ശുദ്ധികലശം. ഗുണ്ടാ ബന്ധത്തിൻറെ പേരിൽ എസ്എച്ച് ഒ സജേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ അഞ്ച് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു. ബാക്കിയുള്ളവരെ സ്ഥലമാറ്റി. ഇന്നലെ രാത്രിയാണ് കൂട്ട നടപടിയുണ്ടായത്. സ്റ്റേഷനിൽ ആകെയുണ്ടായിരുന്ന 32 പേരിൽ മാറ്റമില്ലാത്തത് ഒരു സ്വീപ്പർക്ക് മാത്രമാണ്. ഗുണ്ടകളായ ഷെമീറും ഷെഫീഖും ഒരു ദിവസം തന്നെ രണ്ട് തവണ സ്റ്റേഷൻ പരിധിയിൽ വെച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞിരുന്നു.
രക്ഷപ്പെട്ട ഷെഫീഖ് മുങ്ങുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കല്ല് കൊണ്ട് തലക്കടിച്ച് കിണറ്റിലിട്ടത്. ഇതോടെയാണ് ഉണർന്ന സർക്കാർ നടപടിയിലേക്ക് നീങ്ങിയത്. പീഡനകേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ പാർട്ടിയിലെ സന്ദർശനം, വിവരങ്ങൾ ക്രിമിനലുകൾക്ക് ചോർത്തിക്കൊടുക്കൽ അടക്കം പൊലീസിൻറെ അവിശുദ്ധ ബന്ധങ്ങളുടെ ഒരുപാട് വിവരങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച്- ഇനറലജിനസ് റിപ്പോർട്ടുകളിലുള്ളത്.
ഒരു വശത്ത് നടപടി എടുക്കുമ്പോഴും ചിലരെ ഇനിയും തൊടാൻ മടിയാണ്. പോക്സോ കേസിലെ ഇരയെ പീഡിപ്പിച്ച് മുൻ അയിരൂർ എസ്എച്ച്ഒ ജയസനിൽ, രണ്ട് ബലാത്സംഗ കേസിൽ പ്രതിയായ മലയിൻകീഴ് മുൻ എസ്എച്ച് ഒ സൈജു എന്നിവരെ ഇതുവരെ പിരിച്ചുവിടുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. സസ്പെൻഷനിലുള്ള ഇരുവരും ഒളിവിലണന്നാണ് പൊലീസ് വിശദീകരണം. നടപടി പുരോഗമിക്കുമ്പോഴും ഗുണ്ടാ തലവന്മാരായ ഓം പ്രകാശും പുത്തൻപാലം രാജേഷും ഇപ്പോഴും മുങ്ങിനടക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam