
കണ്ണൂർ: പുതുമുഖം വരുമെന്ന് ഉറപ്പായ കണ്ണൂർ ലോക്സഭാ സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരെന്നതിൽ സസ്പെൻസ്. സാമുദായിക സമവാക്യം അനുകൂലമാകുമെന്ന് വന്നതോടെ കെപിസിസി ജന. സെക്രട്ടറി കെ. ജയന്തിന് സാധ്യതയേറി. എന്നാൽ മുസ്ലിം പ്രതിനിധി വന്നാൽ മൂന്നിലധികം പേർ പട്ടികയിലുണ്ട്. സിപിഎമ്മാകട്ടെ യുവാക്കളെ കളത്തിലിറക്കാനാണ് ഒരുങ്ങുന്നത്.
സിറ്റിങ് എംപിമാരിൽ മത്സരിക്കാനില്ലാത്ത ഒരേയൊരാളാണ് കെ.സുധാകരൻ. കെപിസിസി അധ്യക്ഷന്‍റെ സിറ്റിങ് സീറ്റിലാകും കോൺഗ്രസ് പട്ടികയിൽ പുതിയ പേരെത്തുക. അതാരായിരിക്കുമെന്നതാണ് നിലവിലെ സസ്പെൻസ്. സാമുദായിക സമവാക്യങ്ങളിലാണ് അതിനുള്ള ഉത്തരം. ആലപ്പുഴയിൽ മുസ്ലിം എങ്കിൽ കണ്ണൂരിൽ ഈഴവ. നേരെ തിരിച്ചും-എന്നതാണ് സാമുദായിക സമവാക്യം. എന്നാൽ ഇവിടെ ആദ്യത്തേതിനാണ് സാധ്യത കൂടുതൽ. അപ്പോഴാണ് കെ. ജയന്തിന് ചാൻസ് ലഭിക്കുക. കെ.സുധാകരൻ നിർദേശിക്കുന്നതും ജയന്തിനെ തന്നെയാണ്.
അതേസമയം, കണ്ണൂരിൽ മുസ്ലിം സ്ഥാനാർത്ഥിയെങ്കിൽ പേരുകളേറെയാണ്. എഐസിസി വക്താവ് ഷമ മുഹമ്മദ്, യൂത്ത് കോൺഗ്രസ് നേതാവ് അബ്ദുൾ റഷീദ്, കെപിസിസി ജന.സെക്രട്ടറി പി.എം.നിയാസ് എന്നിങ്ങനെയാണ് ആ പേരുകൾ. ഷമയും റഷീദും ജയന്തിനെപ്പോലെ മണ്ഡലത്തിൽ സജീവമാണ്. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധിയില്ലെങ്കിൽ സമവാക്യങ്ങളാകെ മാറാമെന്നതാണ് വസ്തുത. കണ്ണൂരിൽ സസ്പെൻസ് എൻട്രിയും വരാം.
കോൺഗ്രസ് സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും യുവരക്തത്തെ പരീക്ഷിക്കാൻ തന്നെയാണ് സിപിഎം തീരുമാനം. ജില്ലയിൽ പരിചിത മുഖങ്ങളായ രണ്ട് പുതുമുഖങ്ങളിലേക്കാണ് അവസാന വട്ട ചർച്ചകൾ നീളുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജുമാണ് ചർച്ചയിലെ താരങ്ങൾ. എന്നാൽ ഒരാഴ്ച കൊണ്ട് ചിത്രം ഏറെക്കുറെ തെളിയുമെന്നാണ് കരുതുന്നത്.
എംഎൽഎമാരുടെ ചോദ്യത്തിന് ഇനി പോസിറ്റീവ് മറുപടി മതി; സർക്കുലർ വിവാദത്തിൽ, കത്ത് നൽകുമെന്ന് എംഎൽഎ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam