കൃത്യമായ വിവരങ്ങള്‍ക്ക് പകരം സർക്കാര്‍ അനുകൂല വിവരങ്ങള്‍ മാത്രം നല്‍കാനുള്ള നീക്കമാണിതെന്ന ആരോപണവുമായി യുഡിഎഫ്  എംഎല്‍എമാര്‍ രംഗത്തെത്തി. സര്‍ക്കുലറിനെതിരെ സ്പീക്കർക്ക് കത്ത് നല്‍കുമെന്ന് ടി വി ഇബ്രാഹിം എം എല്‍ എ പറഞ്ഞു.

കോഴിക്കോട്: നിയമസഭയില്‍ എംഎല്‍എമാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പോസിറ്റീവ് മറുപടി നല്‍കാന്‍, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കാലിക്കറ്റ് സര്‍വകലാശാല. ഇക്കാര്യം വ്യക്തമാക്കി ജീവനക്കാര്‍ക്കയച്ച സര്‍ക്കുലറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കൃത്യമായ വിവരങ്ങള്‍ക്ക് പകരം സർക്കാര്‍ അനുകൂല വിവരങ്ങള്‍ മാത്രം നല്‍കാനുള്ള നീക്കമാണിതെന്ന ആരോപണവുമായി യുഡിഎഫ് എംഎല്‍എമാര്‍ രംഗത്തെത്തി. സര്‍ക്കുലറിനെതിരെ സ്പീക്കർക്ക് കത്ത് നല്‍കുമെന്ന് ടി വി ഇബ്രാഹിം എം എല്‍ എ പറഞ്ഞു.

സര്‍വകലാശാലയിലെ അധ്യാപക നിയമനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമസഭയില്‍ എം എല്‍ എമാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ മറുപടി നിയമ പോരാട്ടത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പലപ്പോഴും അനുകൂലമായിത്തീര്‍ന്നിരുന്നു. ഇതിനു പുറമേ പല വിഷയങ്ങളിലും പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമായി മാറിയ വിവരങ്ങളും ഇത്തരത്തില്‍ കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാ‍ർക്കായി പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ജനുവരി 25ന് രജിസ്ട്രാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രാഞ്ച് ഓഫീസര്‍മാരുടെ യോഗത്തിലെടുത്ത തീരുമാനമെന്ന നിലയിലാണ് സര്‍ക്കുലര്‍. നിയമസഭാ ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍ പോസിറ്റീവ് ആയി നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിവിധ സമ്മേളനങ്ങളില്‍ ഒരേ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പരസ്പര വിരുദ്ധമല്ലാത്ത മറുപടി നല്‍കണം. ഈ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നത് ഗൗരവമായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ക്രമക്കേടുകള്‍ മറച്ചു വെക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഈ സര്‍ക്കുലറെന്ന ആക്ഷേപമാണ് യുഡിഎഫ് എം എല്‍ എമാര്‍ ഉന്നയിക്കുന്നത്.

ഇതിനെതിരെ സ്പീക്കര്‍ക്ക് കത്ത് നൽകാനാണ് യുഡിഎഫ് എം എല്‍ എമാരുടെ തീരുമാനം. ഈ വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും ആലോചനയുണ്ട്. അതേ സമയം, ഈ സര്‍ക്കുലര്‍ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

വിദേശ സർവ്വകലാശാല;ശുപാർശ നൽകിയത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അല്ല; വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഡോ. രാജൻ ഗുരുക്കൾ

https://www.youtube.com/watch?v=Ko18SgceYX8