
പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയെ തുടർന്ന് ഷൊർണൂർ എംഎൽഎ പി കെ ശശിയെ സസ്പെൻഡ് ചെയ്ത സിപിഎമ്മിന്‍റെ അച്ചടക്ക നടപടി പൂർത്തിയായി. ആറ് മാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നായിരുന്നു ശശിയെ സസ്പെൻഡ് ചെയ്തത്. പി കെ ശശി ഏത് ഘടകത്തിൽ പ്രവർത്തിക്കണമെന്ന് ഇനി പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. പാലക്കാട്ടെ തോൽവിക്ക് പിന്നിൽ പി കെ ശശിയാണെന്ന ആരോപണത്തിൽ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.
നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്ന് കമ്മീഷന്‍റെ ശുപാര്‍ശ.
സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം ലഭിക്കുമെങ്കിലും ഏത് പാർട്ടി ഘടകത്തിൽ പ്രവർത്തിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ശശിക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എംബി രാജേഷിന്‍റെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നിൽ ശശിയുടെ ഇടപെടലാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ശശിയുടെ സ്വാധീനമേഖലയായ മണ്ണാർക്കാട്ടാണ് സിപിഎം ഏറെ പുറകോട്ട് പോയത്.
Also Read: എം ബി രാജേഷിന്‍റെ തോൽവിക്ക് പിന്നിൽ തന്‍റെ കരങ്ങളില്ലെന്ന് പി കെ ശശി
സസ്പെൻഷൻ കാലയളവിൽ നെഹ്രു ഗ്രൂപ്പ് ചെയർമാനെ പ്രകീർത്തിച്ച് സംസാരിച്ചതും ഒരു വിഭാഗം നേതാക്കൾ അമർഷത്തോടെയാണ് കാണുന്നതും. ഇതിലെല്ലാം
സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട് ശശിയുടെ ഘടകം ഏതാണെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാണ്. ഈ മാസം 30 ന് ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam