
തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സിൽ ഭരണ സമിതി അംഗങ്ങള്‍ തമ്മിലുള്ള തർക്കം തുറന്ന പോരിലേക്ക്. ലൈബ്രറി കൗൺസിലിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ വീണ്ടും സസ്പെൻഡ് ചെയ്ത് കൗണ്‍സിൽ പ്രസിഡൻറ് ഉത്തരവിറക്കി. സംസ്ഥാന പ്രസിഡന്‍റ് ആദ്യമിറക്കിയ ഉത്തരവ് സെക്രട്ടറി റദ്ദാക്കിയിരുന്നു. ഇത് തള്ളിയാണ് വീണ്ടും സസ്പെൻഷൻ.
സംസ്ഥാന ലൈബ്രറി കൗണ്‍സിലിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി സിനി കൗൺസിൽ പ്രസിഡൻറിനോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യ സസ്പെൻഷൻ ഉത്തരവ്. ഈ മാസം നാലിനായിരുന്നു ഉത്തരവ്. മണിക്കൂറുകള്‍ക്കുള്ളിൽ സെക്രട്ടറി വി കെ മധു കൗണ്‍സിൽ യോഗം വിളിച്ച് ഉത്തരവ് റദ്ദാക്കി. പ്രസിഡൻറിന് ഉത്തരവിറക്കാൻ അധികാരമില്ലെന്നും സംസ്ഥാന കൗണ്‍സിലിന്‍റെ അനുമതിയില്ലാതെയാണ് സസ്പെൻഷനെന്നും സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു. പ്രസിഡൻറ് കെ വി കുഞ്ഞികൃഷ്ണനും വിട്ടുകൊടുക്കുന്നില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ തിരിച്ചെടുത്ത ഉത്തരവ് റദ്ദാക്കി പ്രസിഡൻറ് വീണ്ടും ഉത്തരവിറക്കി. തനിക്കധികാരമുണ്ടെന്നും ഉത്തരവ് റദ്ദാക്കാൻ സെക്രട്ടറിക്ക് അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു.
ഇടത് ജീവനക്കാരുടെ സംഘടനാ നേതാവ് കൂടിയാണ് സസ്പെൻഡ് ചെയ്യപ്പെട്ട വി സിനി. പ്രസിഡൻറ് ഉത്തരവ് ലംഘിച്ചാൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഓഫീസിലെത്തി ചുമതലകള്‍ ഏറ്റെടുക്കുമെന്നാണ് ഒരുവിഭാഗം ജീവനക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ സംഘർഷത്തിലേക്ക് കാര്യങ്ങള്‍ കടക്കും. സാമ്പത്തിക ക്രമക്കേടിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നതിൽ ഉള്‍പ്പെടെ ഭരണ സമിതിയിൽ ചേരിതിരിവാണ്. ഉള്ളിലുണ്ടായ തർക്കങ്ങള്‍ പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ പ്രശ്നം പരിഹരിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തന്നെ ഇടപെടാനൊരുങ്ങുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam