പ്രമുഖ വ്യവസായിയും കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനുമായ സി ജെ റോയിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. അനാവശ്യ മാനസിക സമ്മർദ്ദം ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊല്ലം: പ്രമുഖ വ്യവസായി സി ജെ റോയിയുടെ വിയോഗത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രമുഖ വ്യവസായിയും കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനുമായ സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. സംരംഭക രംഗത്ത് തന്‍റേതായ മുദ്ര പതിപ്പിച്ച ഒരു വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ബെംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്ത് ജീവനൊടുക്കി എന്ന വാർത്ത അതീവ ഗൗരവകരമാണ്.
കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടക്കുന്നതിനിടെയാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ അതിൽ ഇടപെടാനും അന്വേഷണം നടത്താനും കേന്ദ്ര ഏജൻസികൾക്ക് പൂർണ്ണമായ അധികാരമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാൽ, സി ജെ റോയിയെപ്പോലെ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള, വലിയൊരു പ്രസ്ഥാനത്തെ നയിക്കുന്ന ഒരു വ്യവസായിക്ക് ഇത്തരമൊരു കടുംകൈ ചെയ്യേണ്ടി വന്ന സാഹചര്യം എന്താണെന്ന് ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്.
അന്വേഷണങ്ങളുടെ പേരിൽ അനാവശ്യമായ മാനസിക സമ്മർദ്ദങ്ങളോ മറ്റ് അസ്വാഭാവികമായ നടപടികളോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ജൂഡീഷ്യറി മേൽനോട്ടം വഹിക്കുന്ന അന്വേഷണം ആണ് അഭികാമ്യം. സി ജെ റോയിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.


