സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല.

കൊച്ചി: അന്തരിച്ച കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല.

സി ജെ റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ല. നിയമപരമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. രണ്ടു മാസമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇന്നലെയും ഉണ്ടായതെന്നും റോയിക്കുമേൽ യാതൊരുവിധത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തിറക്കാനാണ് ഐ ടി വകുപ്പിന്റെ ആലോചന. അതേസമയം കടുത്ത സമ്മർദവും മാനസിക പ്രയാസവും ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള ഗ്രൂപ്പ് ഓഫീസിനുള്ളിൽ സി ജെ റോയി ജീവനൊടുക്കിയത്. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കോൺഫി‍ഡന്റ് ​ഗ്രൂപ്പ് ഓഫീസുകളിലും റോയിയുടെ വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.

YouTube video player